സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പയുമായി എസ്ബിഐ; അസ്മിതയിലൂടെ ഇനി ബിസിനസ് വളര്‍ത്താം

അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് സ്ത്രീ സംരംഭകര്‍ക്കായി ഈട് രഹിത വായ്പ പദ്ധതിയുമായി എസ്ബിഐ. അസ്മിത എന്ന പേരിലുള്ള പദ്ധതി പ്രകാരമാണ് എസ്ബിഐ സ്ത്രീകള്‍ക്ക് ഈട് രഹിത വായ്പ നല്‍കുന്നത്. കുറഞ്ഞ പലിശയാണ് വായ്പയുടെ മറ്റൊരു പ്രത്യേകത.

സ്ത്രീകള്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വായ്പയെടുക്കുന്നത് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാന്‍സ് യൂണിയന്‍ സിബിലിന്റേതാണ് റിപ്പോര്‍ട്ട്.
സ്ത്രീകള്‍ക്ക് വ്യക്തിഗത അല്ലെങ്കില്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായാണ് പലപ്പോഴും വായ്പ എടുക്കുന്നത്. കണക്കുകള്‍ അനുസരിച്ച് സ്ത്രീകള്‍ എടുക്കുന്ന വായ്പകളില്‍ 3 ശതമാനം മാത്രമേ ബിസിനസ് ആവശ്യങ്ങള്‍ക്കുള്ളൂ.

സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ യൂണിറ്റുകള്‍ക്ക് ഡിജിറ്റല്‍, സ്വയം സംരംഭക പ്രക്രിയയിലൂടെ വേഗത്തിലും എളുപ്പത്തിലും ധനസഹായം നല്‍കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ സിഎസ് സെറ്റി പറഞ്ഞു. അസ്മിത വായ്പകള്‍ക്കുള്ള അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആണ്.

Read more

ജിഎസ്ടിഐഎന്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, സിഐസി ഡാറ്റാബേസ് എന്നിവ ഉപയോഗിച്ച് വായ്പക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് വായ്പ നല്‍കും . ബിസിനസ് ആവശ്യകതകളെ അടിസ്ഥാനമാക്കിയാണ് വായ്പാ പരിധി നിശ്ചയിക്കുന്നത്. മികച്ച വനിതാ സംരംഭകരെ ബാങ്ക് തിരിച്ചറിയുകയും അവര്‍ക്ക് മാനേജ്‌മെന്റ്, ബിസിനസ് എന്നിവയില്‍ പരിശീലനം നല്‍കുകയും ചെയ്യും.