കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് ഇന്നത്തെ വര്‍ധന 960 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ദ്ധിച്ച് 7,730 രൂപയായി. സ്വര്‍ണം പവന് 960 രൂപ വര്‍ദ്ധിച്ച് 61,840 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2796 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.64 ലും ആയി. 24 കാരറ്റ് സ്വര്‍ണ്ണ കട്ടിക്ക് കിലോ ഗ്രാമിന് ബാങ്ക് നിരക്ക് 84.5 ലക്ഷം രൂപ കടന്നിട്ടുണ്ട്.

അന്താരാഷ്ട്ര, ആഭ്യന്തര സംഭവവികാസങ്ങളാണ് സ്വര്‍ണ്ണവിലയുടെ കുതിപ്പിനുള്ള കാരണം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഭൗമ രാഷ്ട്ര സംഘര്‍ഷങ്ങളിലേക്ക് എത്തുന്നു. കാനഡയില്‍ നിന്നും, മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് 25% അധിക നികുതി നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

Read more

ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കൂടുതല്‍ ദുര്‍ബലമായി 86.64 ലേക്ക് എത്തിയതും, നാളത്തെ ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവര്‍ധനവിന് കാരണമാകുന്നു. 6 ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം 2% കൂട്ടുമെന്നുള്ള ആശങ്കയും സ്വര്‍ണ്ണ വിലവര്‍ധനവിന് കാരണമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 67,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഉപഭോക്താക്കള്‍ക്കിടയിലും, വ്യാപാരികള്‍ക്കിടയിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്ന വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.