രാജ്യത്ത് നാല് കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി: കേന്ദ്രമന്ത്രി രമേഷ് പൊക്രിയാല്‍

രാജ്യത്ത് നാല് കേന്ദ്രീയ വിദ്യാലയങ്ങള്‍ (കെ.വി) കൂടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. കെ.വി എസ്എസ് ചമ്പാവത്ത്, കെ.വി റെയില്‍വേ ദംഗോപാസി, കെ.വി മധുപുരി, കെ.വി സുമേര്‍പുര്‍ എന്നീ പുതിയ കെവികള്‍ ആരംഭിക്കും.

നാല് പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി ആരംഭിക്കുന്നതോടെ രാജ്യത്ത് 1239 വിദ്യാലയങ്ങളാകും. പുതിയ വിദ്യാലയങ്ങളുടെ പ്രയോജനം നേടുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായും കേന്ദ്ര വിദ്യാലയങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും വിദ്യാഭ്യാസത്തിന്റെ വെളിച്ചം വ്യാപിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കൂള്‍ സമ്പ്രദായമാണ് കേന്ദ്രീയ വിദ്യാലയം. 1963ല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്ന പേരില്‍ സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്താണ് ഈ സ്‌കൂള്‍സമ്പ്രദായം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീടാണ് ഇതിന്റെ പേര് കേന്ദ്രീയ വിദ്യാലയം എന്നാക്കിമാറ്റിയത്.

ഇന്ത്യന്‍ പ്രതിരോധ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയെന്നതാണ് കേന്ദ്രീയ വിദ്യാലയത്തിന്റെ ലക്ഷ്യം. ഇന്ത്യയിലൊട്ടാകെ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളില്‍ ഏകീകൃത സിലബസ് ആണ് പിന്തുടരുന്നത്.