തലശ്ശേരി ആര്‍ച്ച്ബിഷപ് ജോസഫ് പംപ്ളാനി എന്തു കണ്ടാണ് രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്നത്? ബിജെപിയുടെ വിഷമം മാറ്റിക്കൊടുക്കാന്‍ ക്രൈസ്തവ വോട്ടിന് വിലയിട്ട മതമേലധ്യക്ഷന് ഇപ്പോള്‍ രക്തസാക്ഷികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. പന്തക്കുസ്താദിനത്തില്‍ പരിശുദ്ധത്മാവിന്റെ ഭാഷണവരം ലഭിച്ച അപ്പസ്തോലരുടെ ഭാഷയിലല്ല കെസിവൈഎം യുവജനദിനത്തില്‍ ആത്മീയപിതാവ് സംസാരിച്ചത്. ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ രക്തസാക്ഷിയുടെ സ്മരണയില്‍ സ്ഥാപിതമാവുകയും ആ രക്തം വീണ് കുതിര്‍ന്ന മണ്ണില്‍ മു ളച്ചു വളര്‍ന്ന് ലോകവ്യാപകമായി പന്തലിക്കുകയും ചെയ്ത സഭയുടെ പ്രതിനിധിയില്‍നിന്ന് പ്രതീക്ഷിക്കുന്നത് വിവേകത്തിന്റെ പരിപക്വമായ ശബ്ദമാണ്. കണ്ടവനോട് കലഹിച്ച് അനാവശ്യമായി മരിക്കുന്നവന് എന്ന നിര്‍വചനം രക്തസാക്ഷിക്കു നല്‍കുംമുമ്പ് അദ്ദേഹം അണിഞ്ഞിരിക്കുന്ന കുരിശ് അഴിച്ചുവയ്ക്കണമായിരുന്നു. പുരോഹിതന്മാരോട് അനാവശ്യമായി കലഹിച്ച് മരണം വരിച്ചയാളാണോ യേശു? ക്രിസ്തുമതത്തിലെ ആദ്യ രക്തസാക്ഷിയായ സ്തേഫാനോസ് മുതല്‍ നമ്മുടെ കാലത്ത് സ്റ്റാന്‍ സ്വാമി വരെ എണ്ണിയാല്‍ തീരാത്ത രക്തസാക്ഷികളുടെ ജീവത്യാഗത്താല്‍ ധന്യമാണ് ക്രിസ്തുമതത്തിന്റെ ഇരുപത് നൂറ്റാണ്ട് നീണ്ട ചരിത്രം.
മര്‍ദകരോടും ചൂഷകരോടും കലഹിച്ച് കുരിശിലേറിയ റോമന്‍ അടിമ സ്പാര്‍ട്ടക്കസ് മുതല്‍ രേഖപ്പെടുത്തപ്പെട്ടവരും അല്ലാത്തവരുമായ രക്തസാക്ഷികളുടെ നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതുമായ ജീവിതമാണ് മനുഷ്യവിമോചനത്തിന്റെ ചരിത്രം. രക്തത്തെ വേര്‍തിരിച്ചു കാണാനാവില്ല. മെഡിക്കല്‍ ലാബിലെ ടെക്നീഷ്യന്മാര് മാത്രമാണ് മനുഷ്യരക്തത്തെ ഗ്രൂപ്പടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത്. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പസ്തോലര്‍ എന്ന് നല്ല ഇടയന് എങ്ങനെ പറയാന്‍ കഴിയും? പൊലീസിന്റെ പിടിയില്‍ പെടാതെ ഭയന്നോടി മരണത്തിലേക്ക് വീഴുന്നവരുണ്ട്; അക്രമികളില്‍നിന്ന് രക്ഷപ്പെടാനാകാതെ മരിക്കുന്നവരുണ്ട്. എല്ലാവരെയും വിശുദ്ധരായി കാണേണ്ട. അതിന് സഭയുടെ അംഗീകൃത ലിസ്റ്റുണ്ട്. പക്ഷേ രക്തസാക്ഷികള്‍ രക്തസാക്ഷികള്‍തന്നെയാണ്.
Read more
വിശ്വാസത്തിലെ ദൃഢതയും നിലപാടുകളിലെ സ്ഥൈര്യവും നിമിത്തം അപരനുവേണ്ടി ജീവന് വെടിയുന്നവരാണ് രക്തസാക്ഷികള്‍. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് സഭയുടെ രക്തസാക്ഷികളോട് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാം. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് സഖാക്കള്‍ക്ക് നെഞ്ചുരുകി മുദ്രാവാക്യം വിളിക്കാം. പ്രാര്ത്ഥനയായാലും അഭിവാദ്യമായാലും അത് രക്തസാക്ഷികള്‍ അര്‍ഹിക്കുന്ന ശ്രദ്ധാഞ്ജലിയാണ്. കമ്യൂണിസ്റ്റുകാരിലും നല്ലവരുണ്ടെന്നു പറഞ്ഞ ഫ്രാന്‍സിസ് നയിക്കുന്ന ക്രിസ്തുവിന്റെ സഭയില്‍ പംപ്ളാനി വിരോധാഭാസമാകുന്നു. ഞാനും നിന്നെ വിധിക്കുന്നില്ല എന്നാണ് പാപിനിയോട് കര്‍ത്താവ് പറഞ്ഞത്. വിധിക്കാന്‍ ഞാനാര് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു. രക്തസാക്ഷികളെ തരംതിരിച്ച് വിധിക്കുകയും വിലയിടുകയും ചെയ്യുന്ന പംപ്ളാനിക്ക് ചില പാഠങ്ങള്‍ ഈ സന്ദര്‍ഭങ്ങളില്‍ നിന്ന് പഠിക്കാന്‍ കഴിയണം.