പഞ്ചാബ് ആന്ധ്രയുടെ വഴി പോകുമോ

ശരിയായാലും തെറ്റായാലും കോണ്‍ഗ്രസ് നേതൃത്വം എത്രയോ കാലത്തിന് ശേഷം എടുത്ത ഏറ്റവും ശക്തമായ ഇടപെടലായി പഞ്ചാബിലെ ക്യാപ്റ്റനെ മാറ്റിയ തീരുമാനത്തെ കാണാം. തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത, തീരുമാനം വൈകിപ്പിക്കുന്ന നേതൃത്വമായിട്ടാണ് സോണിയാഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പലരും കണ്ടത്. പഞ്ചാബിന്റെ കാര്യത്തിലെങ്കിലും അതില്‍ മാറ്റമുണ്ടായിരിക്കുന്നു. പഞ്ചാബിലെ ഏറ്റവും കരുത്തനെന്ന് കരുതിയ നേതാവിനെയാണ് തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കോണ്‍ഗ്രസ് ഹൈക്കമാന്റ് മാറ്റിയത്. പാര്‍ട്ടിയില്‍നിന്ന് അപമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ ഇനി എന്തു ചെയ്യുമെന്നതാണ് നിര്‍ണായകം. ഹൈക്കമാന്റിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം തന്റെ അനുയായികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ അമരിന്ദറിന് കാര്യമായ പിന്തുണയില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് നേതൃമാറ്റത്തിലേക്ക് കോണ്‍ഗ്രസ് തിരിഞ്ഞത്. അതുകൊണ്ട് പുതിയ സര്‍ക്കാരിന് ഭീഷണിയുണ്ടാവില്ല. പക്ഷെ പുതിയ സര്‍ക്കാരല്ല, അടുത്ത തിരഞ്ഞെടുപ്പാണ് പ്രധാനം.

വലിയ സംസ്ഥാനമല്ലെങ്കിലും കോണ്‍ഗ്രസിനൊപ്പം നിന്ന സംസ്ഥാനമാണ് പഞ്ചാബ്. രാജ്യം മുഴുവന്‍ കാവി തരംഗം ആഞ്ഞടിച്ചപ്പോഴും കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായി പഞ്ചാബ് തുടര്‍ന്നു. എന്നാല്‍ 2017 മുതല്‍ നിരവധി ആരോപണങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നതോടെയാണ് അമിരീന്ദറിന് പിഴച്ച് തുടങ്ങിയത്. ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിദ്ധു ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയതോടെ അമരീന്ദറിന്റെ തകര്‍ച്ചയ്ക്ക് വേഗം കൈവരിച്ചു. പല രീതിയിലുള്ള സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ഹൈക്കമാന്റിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും സിദ്ധു പിസിസി അധ്യക്ഷനായി. ഇതിനിടയിലാണ് നിരവധി എംഎല്‍എമാര്‍ ഹൈക്കമാന്റിന് കത്തയക്കുന്നതും പാര്‍ട്ടി ക്യാപ്റ്റനെ മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനയിലേക്ക് കടക്കുന്നതും. ഇതിനായി പല പല ആഭ്യന്തര സര്‍വെകളും കോണ്‍ഗ്രസ് നടത്തിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ മാറ്റാന്‍ തീരുമാനിച്ചു. അപമാനിക്കപ്പെട്ടുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. മാനം വീണ്ടെടുക്കാന്‍ അദ്ദേഹം എന്തു ചെയ്യുമെന്നത് നിര്‍ണായകമാണ്.

അമരീന്ദറിന്റ രാഷ്ട്രീയമെന്നത് കോണ്‍ഗ്രസിൽ മാത്രമായിരുന്നില്ല. അദ്ദേഹം അകാലി ദളിലുണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസില്‍ എത്തി, വീണ്ടും പാര്‍ട്ടി വിട്ടു. സ്വന്തം പാർട്ടി രൂപീകരിച്ചു. അതൊന്നും അദ്ദേഹത്തെ രാഷ്ട്രീയമായി രക്ഷപ്പെടുത്തിയില്ല. കോണ്‍ഗ്രസിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാഗ്യം. അതുകൊണ്ട് തന്നെ അമരീന്ദര്‍ സിങ്ങിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.
ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഉപദേശമാണെന്നും കേള്‍ക്കുന്നു. അതു പ്രകാരം ഇനിയും സംഘടനയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഭാഗമായാണ് അമരീന്ദറിനെ കൈയൊഴിയാന്‍ തീരുമാനിച്ചതെന്ന് കരുതുന്നവരുമുണ്ട്. കന്നയ്യ കുമാറിനെയും ജിഗ്നേഷ്‌മേവാനിയെയും പോലുള്ള യുവ നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്ന വാര്‍ത്തകളും ഇതിന്റെ ഭാഗമായി വേണം കാണാം. ഗുജാറാത്തിലും ബിഹാറിലും കോണ്‍ഗ്രസിന് ചെറുതായെങ്കിലും ഊർജ്ജം പകരാന്‍ ഈ നേതാക്കളുടെ വരവ് കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ് എന്ന സംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് മുതിര്‍ന്ന 23 നേതാക്കളുടെ നിലപാടിനോട് ഇതുവരെ ദേശീയ നേതൃത്വം വേണ്ട രീതിയില്‍ പ്രതികരിച്ചിട്ടില്ല. സംഘടനയില്ലാതെ എങ്ങനെ രാഷ്ട്രീയ പോരിനിറങ്ങും എന്നതാണ് ചോദ്യം. താഴെ തട്ടില്‍ സംഘടനയില്ലെങ്കിലും ഉത്തര്‍പ്രദേശില്‍ തനിച്ച് മല്‍സരിക്കാനാണെത്രെ കോണ്‍ഗ്രസിന്റെ തീരുമാനം.

എന്തായാലൂം വലിയ റിസ്‌കാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്നത്, പഞ്ചാബിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. രണ്ട് ചോദ്യങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത്.

ഒന്ന് പഞ്ചാബില്‍ സ്വീകരിച്ച സമീപനം, പാര്‍ട്ടി ഭരിക്കുകയും വിമത ഭീഷണി നേരിടുകയും ചെയ്യുന്ന രാജസ്ഥാനില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേതൃമാറ്റത്തിന് തയ്യാറാവുമോ എന്നതാണ്. അമരീന്ദറിനോട് കാണിച്ചത് അശോക് ഗെഹ്ലോട്ടിനോടും കാണിക്കുമോ എന്നതാണ് ചോദ്യം. അവിടെ സച്ചിന്‍ പൈലറ്റ് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

അതേ സമയം പഞ്ചാബില്‍ ബിജെപി സ്വീകരിച്ച സമീപനം മറ്റൊരു ആ്ന്ധ്രപ്രദേശിന്റെ അനുഭവത്തിലേക്ക് ആ പാര്‍ട്ടിയെ എത്തിക്കുമോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നായിരുന്നു ആന്ധ്ര പ്രദേശ്. തെലുങ്കരുടെ ആത്മാഭിമാനത്തെ രാജീവ് ഗാന്ധി വൃണപ്പെടുത്തി എന്നാരോപിച്ചായിരുന്നു എന്‍ടി രാമറാവു ടിഡിപി രൂപികരിച്ചത്. ശക്തമായ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനമായി ടിഡിപി മാറിയപ്പോഴും അന്ന് കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. ഭരണം മാറിമാറി വന്നു. അങ്ങനെ 2009ല്‍ ആകെയുള്ള 42 ലോക്‌സഭ സീറ്റുകളില്‍ 33 എണ്ണം നേടിയ കോണ്‍ഗ്രസിന് ഇപ്പോള്‍ ആന്ധ്ര പ്രദേശില്‍ നിന്ന് സീറ്റുകളില്ല. വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ മരണത്തോടെ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് ഹൈക്കമാന്റിന് കഴിയാതെ പോയതെന്നാണ് ഇതിന് ഒരു കാരണമായി പറയാവുന്നത്. അതോടൊപ്പം ആന്ധ്ര പ്രദേശിന്റെ വിഭജനവും കോണ്‍ഗ്രസിനെ തീര്‍ത്തും തളര്‍ത്തി കളഞ്ഞു. എന്നെങ്കിലും ഇനി തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്ന അവസ്ഥയിലാണ് അവിടെ ആ പാര്‍ട്ടി.

Read more

എന്തായാലും കോൺഗ്രസിന് പഞ്ചാബിലെ മാറ്റം വലിയ വെല്ലുവിളിയാണ്. തിരിച്ചടി നേരിട്ടാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റി പോകുന്ന നേതാക്കളായി ഗാന്ധി കുടുംബം മാറി എന്ന് തീര്‍പ്പിലേക്ക് നേതാക്കള്‍ക്ക് എത്താന്‍ കഴിയുമെന്ന് മാത്രം.