പഴഞ്ചനല്ല 'പഴങ്കഞ്ഞി' ; ഇത് ഗുണങ്ങൾ ഏറെയുള്ള സൂപ്പർ ഫുഡ് !

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും താരമായി മാറിയിരിക്കുന്ന ഭക്ഷണമാണ് പഴങ്കഞ്ഞി. പൊതുവെ പ്രഭാത ഭക്ഷണത്തിന് ദോശയും ഇഡ്‌ലിയുമൊക്കെ കഴിക്കുന്നവരാണ് മലയാളികൾ. എന്നാൽ വർഷങ്ങൾക്ക് മുൻപ് പഴങ്കഞ്ഞിയും വീടുകളിൽ താരമായിരുന്നു. രോഗങ്ങൾ പൊതുവെ കുറവായിരുന്ന അക്കാലത്ത് പഴംകഞ്ഞിയും ഒരു മരുന്ന് തന്നെയായിരുന്നു. പഴങ്കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന നിരവധി ഗുണങ്ങളാണ് അന്ന് വീടുകളിൽ സ്ഥിരസാന്നിധ്യമായി ഇവ മാറാൻ കാരണമായത്. ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്ന തന്റെ രോഗം പഴങ്കഞ്ഞി കുടിക്കാൻ തുടങ്ങിയതോടെ പൂർണമായും ഭേദപ്പെട്ടെന്നും ഒരു വർഷമായി പഴങ്കഞ്ഞിയാണ് തന്റെ പ്രഭാത ഭക്ഷണമെന്നും അറിയിച്ച ആഗോള ടെക് കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധർ വെമ്പുവിന്റെ വാർത്ത ഈയടുത്താണ് നമ്മൾ കണ്ടത്.

പഴങ്കഞ്ഞി നമ്മുടെ മാത്രം ഭക്ഷണവിഭവമല്ല. പുളിപ്പിച്ച ചോറ് അഥവാ നമ്മൾ പഴങ്കഞ്ഞിയെന്ന് നമ്മൾ വിളിക്കുന്ന ഈ വിഭവം ചൈന, തായ്ലാന്റ്, ഇന്തോനീഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ പാരമ്പര്യമായി കഴിച്ചു പോരുന്നുണ്ട്. ചോറിൽ വെള്ളമൊഴിച്ച് ഒരു രാത്രി പുളിപ്പിച്ചാൽ ലഭിക്കുന്നതാണ് പഴങ്കഞ്ഞി. ഈ സമയത്ത് ഇവയിൽ രൂപം കൊള്ളുന്ന ചില നല്ല ബാക്ടീരിയകൾ ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കും. ഇത് അരിയിലെ പോഷക മൂല്യങ്ങളുടെ ലഭ്യത വർധിപ്പിക്കും. ഉദാഹരണമായി 100 ഗ്രാം ചോറിൽ 3.4 മില്ലീഗ്രാം ഇരുമ്പുണ്ടെങ്കിൽ 12 മണിക്കൂർ പുളിച്ച് പഴങ്കഞ്ഞിയാകുമ്പോൾ അത് 73.91 മില്ലിഗ്രാം ആകും. ഇതു കൂടാതെ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, സെലീനിയം തുടങ്ങിയവയും പഴങ്കഞ്ഞിയിൽ കൂടിയ തോതിൽ കാണപ്പെടും.

ആവശ്യത്തിലധികം ഊർജം ലഭിക്കുന്ന ഭക്ഷണം ആയതിനാൽ പഴങ്കഞ്ഞി കുടിച്ച് ഒരു ദിവസം ആരംഭിക്കുകയാണെങ്കിൽ അന്നത്തെ ദിവസം മറ്റ് ഭക്ഷണങ്ങൾ ഒന്നും കഴിച്ചില്ലെങ്കിലും പ്രശ്‍നമില്ല എന്നാണ് സാധാരണ പറയാറുള്ളത്. രോഗങ്ങൾ കുറവായിരുന്ന പണ്ടുകാലത്ത് പഴങ്കഞ്ഞി കുടിച്ചിരുന്നതും അതുകൊണ്ടായിരിക്കാം. മറ്റു ഭക്ഷണങ്ങളിൽ നിന്ന് വിരളമായി മാത്രം ലഭിക്കുന്ന ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും. കൂടാതെ, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കുകയും ചെയ്യും. എല്ലുകൾക്ക് ബലം നൽകാൻ ബി 12 വൈറ്റമിനുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനാൽ പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ എല്ലുകളുടെ ശക്തി ഇരട്ടിയാകുമെന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.

ഊർജസ്വലത ഇല്ലാതിരിക്കുന്നവർക്കോ കുറഞ്ഞവർക്കോ ശരീരത്തിന്റെ ക്ഷീണം അകറ്റി ഊർജം തിരികെ ലഭിക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ- ബിയും സൂക്ഷ്മജീവികളും ശരീരത്തിലെ അസിഡിറ്റി കുറയ്ക്കും. ഇത് കുടൽവ്രണം കുറയ്ക്കാൻ വളരെയധികം സഹായിക്കും. പഴങ്കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ഇതുവഴി മലബന്ധം മാറ്റുകയും ചെയ്യുന്നു. ശരീരത്തിൽ യുവത്വം നൽകാൻ കഴിയുന്ന മികച്ച പ്രോട്ടീനായ കൊളാജൻ എന്ന ഘടകത്തിന്റെ ഉത്പാദനം കൂട്ടാൻ പഴങ്കഞ്ഞിക്ക് സാധിക്കും. ഇതിലൂടെ ചർമ്മത്തിന്റെ അഴക് വർധിപ്പിക്കുകയും അലർജി പോലുള്ള പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിന് വേണ്ട പൊട്ടാസ്യം അടങ്ങിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാനും പഴങ്കഞ്ഞി സഹായിക്കും. ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും എന്നുമാത്രമല്ല, അൾസർ പോലുള്ള മാരകമായ അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവും പഴങ്കഞ്ഞിക്കുണ്ട്.

Read more

പഴങ്കഞ്ഞി കുടിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. മാത്രമല്ല, സ്തനാർബുദത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ശരീരത്തിൽ ഏതെങ്കിലും കാരണങ്ങൾ മൂലം ഉണ്ടാകുന്ന അണുബാധ തടയാനും പഴങ്കഞ്ഞിക്ക് സാധിക്കും. കാരണം പഴങ്കഞ്ഞി ശരീരത്തെ തണുപ്പിക്കുന്നതിനാൽ അണുബാധ ഉണ്ടാകുന്ന സാധ്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുക. ക്യാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, സന്ധിവാതം, കിഡ്‌നി പ്രശ്‌നം തുടങ്ങിയ മാരക രോഗങ്ങളെ ചെറുക്കാനും പഴങ്കഞ്ഞി സഹായിക്കും. നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ മാംഗനീസ് ഒരു കപ്പ് പഴങ്കഞ്ഞിയിൽ അടഞ്ഞിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ ഇരട്ടിയാക്കുകയും ചെയ്യുന്നു.