നടത്തം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നല്ല ആരോഗ്യത്തിനും രോഗങ്ങളെ അകറ്റാനും മിക്ക ആളുകളും നടത്തം ഒരു വ്യായാമമായി ചെയ്യാറുമുണ്ട്. ദിവസവും 11 മിനിറ്റ് വേഗത്തിൽ നടക്കുന്നതോ, അല്ലെങ്കിൽ മിതമായുള്ള ശാരീരിക പ്രവർത്തനങ്ങളോ സ്ട്രോക്ക്, കാൻസർ, ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കും എന്നാണ് ‘ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിൻ’ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. നടക്കുന്നത് ആയുസ് വർധിപ്പിക്കുമെന്നും രോഗങ്ങളെ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ദിവസവും കുറഞ്ഞത് 11 മിനിറ്റെങ്കിലും നടന്നാല്‍ അകാല മരണസാധ്യത 25 ശതമാനം വരെ കുറയുന്നതായും പഠനത്തിൽ പറയുന്നു.
30 മില്യണിലധികം ആളുകളുടെ ഹെല്‍ത്ത് ടാറ്റയെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 10ല്‍ ഒന്ന് എന്ന നിരക്കിലുള്ള അകാല മരണം, ദിവസേനയുള്ള മിതമായ ശാരീരിക പ്രവർത്തനങ്ങളിലൂടെ തന്നെ ഒഴിവാക്കുന്നതാണ് എന്ന് പഠനത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ അനലൈസിസ് പറയുന്നു. ആഴ്ചയില്‍ 150 മിനിറ്റ് മിനിറ്റെങ്കിലും വ്യായാമം ചെയ്താലേ ഗുണമുണ്ടാകു എന്നതായിരുന്നു അമേരിക്ക, കാനഡ , യൂറോപ്പ് എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഏജന്‍സികളുടെ നിർദേശം. അതേസമയം, ആഴ്ചയിൽ അഞ്ച് ദിവസം അര മണിക്കൂർ വീതം ആയാസത്തോടെയുള്ള നടത്തം എങ്കിലും ഉണ്ടെങ്കിലേ ഗുണം ലഭിക്കുകയുള്ളു എന്നാണ് ഹെൽത്ത് ഏജൻസികൾ വർഷങ്ങളായി പറഞ്ഞിരുന്നത്. ഈ നിർദേശം മിക്ക ആളുകളും പിന്തുടരാറില്ല. ഇതിനെത്തുടർന്നാണ് കുറവ് സമയം വ്യായാമം ചെയ്താൽ ഗുണം ലഭിക്കുമോ എന്നതിനെ അടിസ്ഥാനമാക്കി പഠനം ആരംഭിച്ചത്.
ദിവസവും 11 മിനിറ്റ് നടന്നാൽ ആഴ്ചയില്‍ ആകെ 75 മിനിറ്റോളം നടത്തമാണ് ഇവർക്ക് വ്യായാമമായി ലഭിക്കുക. ഇത്തരത്തിൽ നടക്കുന്നവർക്ക് വ്യായാമം ചെയ്യാത്തവരേക്കാള്‍ 23 ശതമാനം കൂടുതല്‍ ആയുസുണ്ടാകും എന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുകയാണെങ്കിൽ 31 ശതമാനം അധികം ആയുസ് ലഭിക്കുമെന്നും പഠനം പറയുന്നു. ദിവസവുമുള്ള 11 മിനിറ്റ് നടത്തം അകാല മരണ സാധ്യത മാത്രമല്ല, മറ്റ് രോഗ സാധ്യതകളും കുറയ്ക്കും. ഇവരിൽ ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത 17 ശതമാനം കുറയ്ക്കുന്നതായും ക്യാന്‍സര്‍ സാധ്യത 7 ശതമാനം വരെ കുറയ്ക്കുന്നതായും പഠനം പറയുന്നു. ദിവസവുമുള്ള 11 മിനിറ്റ് വ്യായാമം മെലോയ്ഡ് ലുക്കീമിയ, മൈലോമ, വയറ്റിലെ കാൻസറുകൾ തുടങ്ങിയ ചില പ്രത്യേക കാൻസറുകള്‍ വരാനുള്ള സാധ്യത 26 ശതമാനം വരെ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു.
വേഗത്തിലുള്ള നടത്തം, ഡാൻസ് കളിക്കുന്നത് , സൈക്കിൾ ഓടിക്കുന്നത്, ടെന്നീസ് അല്ലെങ്കിൽ കാൽനടയാത്ര എന്നിവയെല്ലാം അകാല മരണം, ഹൃദയ സംബന്ധമായ അസുഖങ്ങളിൽ നിന്നും മൈലോയ്ഡ് ലുക്കീമിയ ഉൾപ്പെടെയുള്ള ചില കാൻസറുകളുടെ അപകടസാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ധർ കണ്ടെത്തി. വേഗത്തിലുള്ള നടത്തം ശരീരത്തിലുടനീളം രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയപേശികളെ ശക്തിപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും.
Read more
ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ദിവസേനയുള്ള നടത്തം വളരെയധികം സഹായിക്കും. വേഗത്തിലുള്ള നടത്തം ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത്തിനും ശരീരഭാരം കുറയ്ക്കുന്നത്തിനും ഫലപ്രദമായ ഒരു മാർഗമാണ്. വ്യായാമം പോലെ തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതും വളരെ പ്രധാനമാണ്. അമിതമായ അളവിൽ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് നടത്തം ഏറ്റവും ഗുണം ചെയുന്ന ഒരു വ്യായാമം കൂടിയാണ്.