മഞ്ഞുപെയ്യുന്ന കാലമാണല്ലോ ഇപ്പോൾ. ഡിസംബർ ജനുവരി മാസങ്ങളിൽ കനത്ത മഞ്ഞ് പെയ്യുന്ന നിരവധി സ്ഥലങ്ങളുണ്ട് നമ്മുടെ രാജ്യത്ത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ അവിടങ്ങളിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. നമുക്കും ഒരു മഞ്ഞുകാല ട്രിപ്പടിച്ചാലോ. ചുവടെ പറയുന്ന സ്ഥലങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ഒരു അടിപൊളി യാത്ര നമുക്ക് പ്ലാൻ ചെയ്യാം.
ഔലി
ഡിസംബർ പകുതിയോടെ മഞ്ഞുവീഴ്ച ആരംഭിക്കുന്ന ഇവിടം ജനുവരിയോടു കൂടി കനത്ത മഞ്ഞു കൊണ്ട് നിറയും. രാജ്യത്തുടനീളമുള്ള സ്കീയിംഗ് പ്രേമികൾ ഈ സമയം ഇവിടെയെത്തുന്നു. പ്രാദേശിക ഭാഷയിൽ ബുഗ്യാൽ എന്നറിയപ്പെടുന്ന ഔലി ഷിംല, ഗുൽമാർഗ്ഗ്, മണാലി തുടങ്ങിയ കേന്ദ്രങ്ങൾക്കും മേലെ ലോകത്തിലെ തന്നെ മികച്ച സ്കീയിംഗ് കേന്ദ്രങ്ങളിലൊന്നാണ്. ആപ്പിൾ തോട്ടങ്ങളും പഴയ ഓക്ക് മരങ്ങളും പൈൻ മരങ്ങളും നിറഞ്ഞ ഔലിയിൽ പ്രകൃതി സൗന്ദര്യത്തിന് ഒരു കുറവുമില്ല. സ്കീയിംഗിനുപുറമെ ഗർവാൾ ഹിമാലയത്തിലെ കുന്നുകളിൽ നിരവധി ട്രെക്കിംഗ് നടത്താനും മഞ്ഞുമൂടിയ മലനിരകളുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും കഴിയും. സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നന്ദാദേവി, മന പർവ്വതം, കാമത്ത് കാമത്ത് തുടങ്ങിയ പർവതനിരകളുമുണ്ട്. ഋഷികേശിൽ നിന്ന് 10 മണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം. ഡൽഹി വഴിയും എളുപ്പത്തിൽ എത്തിച്ചേരാം.
മുൻസിയരി
ഡൽഹിയിൽ നിന്ന് 15 മണിക്കൂർ യാത്ര ചെയ്താൽ മുൻസിയാരിയിലേയ്ക്കെത്താം. ഡിസംബർ അവസാനത്തോടെയാണ് ഇവിടെ മഞ്ഞുവീഴ്ചയുണ്ടാകുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഡൽഹിക്ക് സമീപമുള്ള ഏറ്റവും മികച്ച മഞ്ഞുവീഴ്ചയുള്ള സ്ഥലമാണിത്. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ സ്ഥിതി ചെയ്യുന്ന മുൻസിയാരി, സമുദ്രനിരപ്പിൽ നിന്ന് 2298 മീറ്റർ ഉയരത്തിലാണ്. മുൻസിയാരി എന്ന വാക്കിന്റെ അർത്ഥം മഞ്ഞുള്ള സ്ഥലം എന്നാണ്, ചെറിയ കാശ്മീർ എന്നും ഇതിനെ വിളിക്കാറുണ്ട്.ഇവിടെ രേഖപ്പെടുത്തിയ പകൽ ശരാശരി താപനില ഏകദേശം 4 ഡിഗ്രിയാണ്. വർഷത്തിൽ ഭൂരിഭാഗവും മഞ്ഞുമൂടിയ ഒരു മനോഹരമായ ഗ്രാമമാണിത്. ഹിമാലയൻ കൊടുമുടികളാൽ അതിരുകളുള്ള പ്രകൃതിദൃശ്യങ്ങൾ പ്രദാനം ചെയ്യുന്ന മുൻസിയാരി പ്രകൃതിയുടെ ആംഫി തിയേറ്റർ പോലെയാണ്.
മണാലി
മണാലിയെ കുറിച്ച് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലല്ലോ. ഏറ്റവും കൂടുതൽ മലയാളികൾ പ്രത്യേകിച്ച് യുവാക്കൾ സന്ദർശിക്കുന്ന ശൈത്യകാല വിനോദസഞ്ചാര കേന്ദ്രമാണ് മണാലി. മണാലിയിൽ ഇപ്പോൾ കനത്ത മഞ്ഞുവീഴ്ചയാണ്, ഒപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കും . മണാലിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള റോഹ്താങ് പാസിലും പുതിയ മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. ഹിമാചലിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ മണാലി വർഷത്തിൽ മിക്കയിടത്തും മഞ്ഞുമൂടിയ പിർ പഞ്ചലിന്റെയും ധൗലാധർ പർവതങ്ങളുടെയും ഏറ്റവും മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് സമ്മാനിക്കുന്നു. മഴയായി മഞ്ഞ് പെയ്യുന്നത് ആസ്വദിക്കണമെങ്കിൽ നേരെ വിട്ടോ മണാലിയ്ക്ക്.
ലഡാക്ക്
ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇല്ലാത്ത മഞ്ഞുവീഴ്ചയാണ് ലഡാക്കിൽ. അതിമനോഹരമായ ഭൂപ്രകൃതിയാൽ ഈ സ്ഥലം എല്ലായിടത്തു നിന്നുമുള്ള സാഹസിക പ്രേമികളെ ആകർഷിക്കുന്നു. പ്രദേശത്തെ താപനില -4 ഡിഗ്രിയിലും താഴെയാണ്, രാത്രിയിൽ ഇത് -30 ഡിഗ്രിയിലേക്ക് വരെ താഴാം. നമുക്ക് സങ്കൽപിക്കാനാവാത്ത വിധം തണുപ്പാണിവിടെയിപ്പോൾ. ലഡാക്കിലെ ശൈത്യകാലം ഒക്ടോബറിൽ ആരംഭിച്ച് ഫെബ്രുവരി വരെ തുടരും. ഈ സമയത്ത്, പ്രദേശം മുഴുവൻ മഞ്ഞുവീഴ്ച ലഭിക്കും. കാർഗിൽ പോലുള്ള സ്ഥലങ്ങളിൽ കഠിനമായ ശൈത്യകാലം അനുഭവപ്പെടും. ദ്രാസ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിൽ ഒന്നായി ഈ കാലത്ത് മാറും. കനത്ത മഞ്ഞുവീഴ്ച ഇടയ്ക്കിടെ റോഡുകൾ തടസ്സപ്പെടുന്നതിന് ഇടയാക്കുന്നുണ്ടെങ്കിലും, ലഡാക്കിലേയ്ക്ക് എപ്പോൾ വേണമെങ്കിലും വിമാന മാർഗ്ഗം എത്തിച്ചേരാനാകും.
വടക്കൻ സിക്കിം
വടക്കൻ സിക്കിമിലെ പ്രദേശങ്ങളിൽ ഇപ്പോൾ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. സോംഗോ തടാകം, നാഥുല പാസ്, യംതാങ്, കതാവോ തുടങ്ങിയ സ്ഥലങ്ങളിൽ താപനില പൂജ്യത്തിന് താഴെയാണിപ്പോൾ. ഡിസംബർ- ജനുവരി മാസങ്ങളിൽ ഈ സ്ഥലങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാണ്. മഞ്ഞുമൂടിയ കൊടുമുടികൾ, തണുത്തുറഞ്ഞ തടാകങ്ങൾ, പച്ചപ്പിന് പകരം വെള്ളപ്പുതപ്പണിഞ്ഞ വനം, ഒന്നും തിരിച്ചറിയാനാവാത്തവിധം എവിടെയും മഞ്ഞ് മാത്രം.താപനില 7 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു. വടക്കൻ സിക്കിം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അവസാനിക്കാത്ത അനുഭവങ്ങളാണ്.
പഹൽഗാം
പച്ച താഴ്വരകൾ, മഞ്ഞു പുതച്ച പർവതങ്ങൾ,പൈൻ മരങ്ങൾ, പരുക്കൻ ഭൂപ്രദേശങ്ങൾ, ആകർഷകമായ തടാകങ്ങൾ അങ്ങനെ പഹൽഗാമിലെ കാഴ്ചകൾ അനന്തമാണ്. പഹൽഗാമിനെപ്പോലെ ആകർഷകമായ മറ്റൊരു ശൈത്യകാല പ്രദേശവും ഇന്ത്യയിലുണ്ടാകില്ല. കശ്മീരിലെ ഈ മനോഹരമായ ഹിൽ സ്റ്റേഷനിൽ ഡിസംബർ- ജനുവരി മാസങ്ങളിൽ നല്ല മഞ്ഞുവീഴ്ച ലഭിക്കും.7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പഹൽഗാം ഷെപ്പേർഡ്സ് താഴ്വര എന്നെ പേരിലും വിളിക്കപ്പെടുന്നു. നിരവധി ബോളിവുഡ് സിനിമകൾ ചിത്രീകരിച്ചിട്ടുള്ള ഇവിടം തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ്.
ഗുൽമാർഗ്
കശ്മീരിലെ ഗുൽമാർഗും ഇപ്പോൾ മഞ്ഞുമൂടിയിരിക്കുകയാണ്. വലിയ അളവിൽ മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന ഈ സ്ഥലം ഇപ്പോൾ ഒരു ശീതകാല അത്ഭുതലോകമായി മാറുന്ന കാഴ്ചയാണ്. മഞ്ഞ് കാണാൻ ഗുൽമാർഗ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അത് ജനുവരി മുതൽ മാർച്ച് വരെയാണ്. ഒരു ഗോണ്ടോളയിൽ കയറി താഴെ മഞ്ഞിനാൽ വിസ്മയം തീർത്ത അത്ഭുത ലോകം കാണാം. അല്ലെങ്കിൽ തണുത്തുറഞ്ഞ അൽപതർ തടാകത്തിലൂടെ നടക്കാം.ലോകത്തിലെ ഏറ്റവും ഉയർന്ന ഗോൾഫിംഗ് ഗ്രൗണ്ടുകളിലൊന്ന് മഞ്ഞ് വീണ് ഉറഞ്ഞു കിടക്കുന്നത് അനുഭവിക്കാം. സ്കീയിംഗ്, സ്ലൈഡിംഗ് അങ്ങനെ ഇവിടെയെത്തിയാൽ കാണാനും ചെയ്യാനും ഒത്തിരിയുണ്ട്.
സോൻമാർഗ്
Read more
സോൻമാർഗിലെ സ്വർണത്തിന്റെ പുൽത്തകിടി മഞ്ഞ് കൊണ്ട് വെളുത്തതായി മാറിയിരിക്കുന്നത് കാണാം ഇപ്പോൾ പോയാൽ.ജമ്മു കാശ്മീരിലെ മനോഹരമായ ഈ ഹിൽ സ്റ്റേഷൻ നിരവധി മനോഹരമായ കൊടുമുടികളാൽ ചുറ്റപ്പെട്ടിരിക്കുന്നു.സോൻമാർഗ് ഒരു കുന്നിൻ പ്രദേശം എന്നതിലുപരിയായി ഒരു പറുദീസയാണ്. ലേയിലേക്കുള്ള വഴിയാണിത്. താജിവാസ് ഗ്ലേസിയർ എന്ന പേരിൽ ഒരു ഹിമാനിയുണ്ടിവിടെ. സോൻമാർഗ് നിങ്ങളെ എല്ലാ രൂപത്തിലും വിസ്മയിപ്പിക്കും. നമുക്കറിയാവുന്നതുപോലെ ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിനേക്കാൾ മനോഹരമായി മറ്റൊന്നുമില്ല. നിങ്ങൾ കശ്മീർ യാത്ര ആസൂത്രണം ചെയ്യുമ്പോഴെല്ലാം സോൻമാർഗ് സന്ദർശിക്കാൻ മറക്കരുത്.