മഴദൈവങ്ങളെ പ്രീതിപ്പെടുത്തണം! തവളകളുടെ കല്യാണം നടത്തി നാട്ടുകാർ

എല്ലാ ദിവസവും വിചിത്രവും രസകരവുമായ സംഭവങ്ങൾ നടക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ രണ്ട് തവളകളുടെ വിവാഹ ചടങ്ങായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധയാകർഷിച്ച ഒരു സംഭവം. ഹിന്ദു വിവാഹ ചടങ്ങുകളോടെയാണ് ഒരു ആൺ തവളയെയും ഒരു പെൺ തവളയെയും നാട്ടുകാർ വിവാഹം കഴിപ്പിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നുള്ള ഏതാനും നാട്ടുകാരാണ് തവള വിവാഹം നടത്തിയത്. മഴ പെയ്യിക്കുന്നതിനും കത്തുന്ന ചൂടിൽ നിന്ന് അൽപ്പം ആശ്വാസം നൽകുന്നതിനും നല്ല വിളവ് ഉറപ്പാക്കുന്നതിനും ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിന് ഗ്രാമീണ ജനത ആചരിക്കുന്ന ഒരു പരമ്പരാഗത ആചാരമാണിത്.

പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച രണ്ട് തവളകളുടെ വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. നിമിഷ നേരംകൊണ്ടാണ് ഈ വീഡിയോ ശ്രദ്ധനേടിയത്. നിരവധി ആളുകൾ ‘ദമ്പതികൾക്ക്’ മുന്നിൽ ഇരിക്കുന്നതും ഒരു പുരോഹിതൻ മന്ത്രങ്ങൾ ജപിക്കുന്നതും വിഡിയോയിൽ കാണാം. ആളുകൾ തവളകളിൽ ആചാരങ്ങൾ നടത്തുന്നതും വിവാഹ ചടങ്ങിൽ കുറച്ച് സ്ത്രീകൾ പരമ്പരാഗത ഇന്ത്യൻ ഗാനങ്ങൾ ആലപിക്കുന്നതും കാണാവുന്നതാണ്.

‘മഴദൈവങ്ങളെ പ്രീതിപ്പെടുത്താനും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാനുമുള്ള പ്രതീക്ഷയിലാണ് യുപിയിലെ വാരണാസിയിലെ മറ്റ് പ്രദേശവാസികളെപ്പോലെ ഒരു ആൺ തവളയും ഒരു പെൺ തവളയും തമ്മിൽ ഒരു ‘വിവാഹം’ സംഘടിപ്പിച്ചത്. ഇത് ശരിക്കും പ്രവർത്തിക്കുമോ എന്ന് ഞങ്ങൾക്ക് ഉറപ്പിക്കാൻ കഴിയില്ല. പക്ഷേ ഇത് തീർച്ചയായും ഒരു വിചിത്രമായ കഥ സൃഷ്ടിക്കും’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മഴക്കാലം കൃഷിയിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രദേശങ്ങളിൽ തവളകളെ വിവാഹം കഴിപ്പിക്കുന്ന പാരമ്പര്യം നാടോടിക്കഥകളിലും പരമ്പരാഗത കൃഷിരീതികളിലും പറയുന്നുണ്ടെന്നാണ് റിപോർട്ടുകൾ. തവളകളുടെ വിവാഹം മഴയ്ക്കുവേണ്ടിയുള്ള ദൈവങ്ങളോടുള്ള പ്രതീകാത്മക പ്രാർത്ഥനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തവള കരയുന്നത് മഴയുടെ വരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും ഒരു കാരണമായി പറയുന്നു.

ഇത്തരം സംഭവങ്ങൾ പലപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. നേരത്തെ, ഗുരുഗ്രാം ആസ്ഥാനമായുള്ള ദമ്പതികൾ അവരുടെ വളർത്തുനായയെ തൊട്ടടുത്ത വീട്ടിലെ പട്ടിയെകൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. ഉടമകൾ പ്രദേശത്ത് 100 വിവാഹ ക്ഷണക്കത്തുകളും അയച്ചിരുന്നു. രണ്ട് നായ്ക്കൾക്കുമായി ഹൽദി ചടങ്ങും സംഘടിപ്പിച്ചതായും നായ ഉടമകളിലൊരാൾ പറഞ്ഞു.