കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2019- ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ നോവൽ വിഭാഗത്തിൽ പുരസ്കാരത്തിന് അർഹമായി. പി.രാമന്‍, എം. ആര്‍ രേണുകുമാര്‍ (കവിത), വിനോയ് തോമസ് (ചെറുകഥ) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. 25000 രൂപയും സാക്ഷപത്രവും ഫലകവുമാണ് പുരസ്‌കാരം. പി.വല്‍സലയ്ക്കും വി.പി ഉണ്ണിത്തിരിയ്ക്കും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. എന്‍.കെ.ജോസ്, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍, റോസ് മേരി, യു.കലാനാഥന്‍, സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് എന്ന പുസ്തകമാണ് പി. രാമനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എം ആർ രേണുകുമാറിന്റെ കൊതിയൻ എന്ന കൃതിക്കാണ് പുരസ്‌കാരം. ബോബി ജോസ് കട്ടിക്കാടിന്റെ ഓര്‍ഡിനറി എന്ന പുസ്തകം സി.ബി കുമാര്‍ പുരസ്‌കാരത്തിനും തിരഞ്ഞെടുക്കപ്പെട്ടു.

സജിത മഠത്തില്‍-അരങ്ങിലെ മത്സ്യഗന്ധികൾ, ജിഷ അഭിനയ- ഏലി ഏലി മാ സബക്താനി (നാടകം), ഡോ.കെ.എം അനില്‍- പാന്ഥരും വഴിയമ്പലങ്ങളും (സാഹിത്യ വിമര്‍ശനം), വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനൻ (നഷ്​ടമാകുന്ന നമ്മുടെ സ്വപ്​നഭൂമി), ഡോ. ആർ.വി.ജി. മേനോൻ
(ശാസ്​ത്ര സാ​ങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ് നാരായണന്‍-ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ, കാഴ്​ചകൾ (ജീവചരിത്രം), അരുണ്‍ എഴുത്തച്ഛന്‍- വിശുദ്ധ പാപങ്ങളുടെ ഇന്ത്യ (യാത്രാവിവരണം), കെ. അരവിന്ദാക്ഷന്‍- ഗൗതമബുദ്ധന്റെ പരിനിർവാണം (വിവര്‍ത്തനം) കെ.ആര്‍ വിശ്വനാഥന്‍ (വിവര്‍ത്തനം), സത്യന്‍ അന്തിക്കാട്- ഈശ്വരൻ മാത്രം സാക്ഷി (ഹാസ്യ സാഹിത്യം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി

പ്രൊഫസര്‍ മാധവന്‍ (ഐ.സി ചാക്കോ പുരസ്‌കാരം) ഡി. അനില്‍കുമാര്‍ (കനകശ്രീ അവാര്‍ഡ്), അമല്‍ (ഗീതാ ഹിരണ്യന്‍ അവാര്‍ഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി കുമാര്‍ അവാര്‍ഡ്), സന്ദീപാനന്ദ ഗിരി (കെ.ആര്‍ നമ്പൂതിരി അവാര്‍ഡ്) സി.എസ് മീനാക്ഷി (ജി.എന്‍ പിള്ള അവാര്‍ഡ്), ഇ.എം സുരജ (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ വിവിധ എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ക്കും അര്‍ഹരായി.