പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

65 വർഷം മുൻപ് പവന് വെറും 100 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന സ്വർണത്തിന് ഇപ്പോൾ അര ലക്ഷത്തിന് മുകളിൽ വില വന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണക്കാരന് കിട്ടാക്കനിയായി കുതിച്ചുയരുകയാണ് സ്വർണവില. ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന സ്വർണവിലയ്ക്ക് പിന്നാലെ നെട്ടോട്ടമോടുന്ന ആളുകൾ ഇനി എന്നാണ് ആശ്വസിക്കാൻ ഇടവരിക എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54720ൽ എത്തിയിരിക്കുകയാണ്. 640 രൂപയാണ് ഒറ്റ ദിവസം കൊണ്ട് വർധിച്ചത്. വർഷങ്ങൾക്ക് മുൻപ് വെറും 100 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന സ്വർണത്തിന്റെ ചരിത്രവഴികൾ വളരെ രസകരമാണ്.

വെറും 100 രൂപയ്ക്കു താഴെയായിരുന്നു 1965 മാർച്ച് 31വരെ പവന്റെ വില. 1970ലെത്തിയപ്പോൽ 135 രൂപയിലേക്ക് ഉയർന്നു. 1975ലെത്തിയപ്പോൾ 396 രൂപയായി. 1990കളിലാണ് സ്വർണത്തിന്റെ വില 2,400ന് മുകളിലായത്. 2000മായപ്പോൾ 3,212 രൂപയിലേയ്ക്കും 2006 ആയപ്പോൾ 6,255 രൂപയിലേയ്ക്കും വില ഉയർന്നു. 2010ൽ വില 12,000 കടന്നു. 2015 ആയപ്പോൾ 19,000 രൂപയും 2020 ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു സ്വ‍ർണ വില. മൃദുവും തിളക്കമുള്ളതുമായ ഒരു മഞ്ഞലോഹമാണ് സ്വർണം. വിലയേറിയ ഈ ലോഹം നാണയമായും, ആഭരണങ്ങളുടെ രൂപത്തിലും നൂറ്റാണ്ടുകളായി തന്നെ മനുഷ്യൻ ഉപയോഗിച്ചു പോരുന്നുണ്ട്. ചെറിയ കഷ്ണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽ തന്നെ പ്രകൃതിയിൽ കണ്ടു വരുന്ന ഒരു ലോഹമാണിത്.

ലോഹങ്ങളിൽ വെച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ഈ ലോഹം ലോകത്ത് 70-ഓളം രാജ്യങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ലോകവ്യാപകമായ ഉത്പാദനത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ദക്ഷിണാഫ്രിക്ക, അമേരിക്കൻ ഐക്യനാടുകൾ, ഓസ്ട്രേലിയ, ചൈന, കാനഡ, റഷ്യ എന്നിവിടങ്ങളിൽ നിന്നാണ്. ചരിത്രാതീത കാലം മുതൽക്കേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണ്‌ സ്വർണം. ഒരുപക്ഷേ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹവും ഇതു തന്നെയായിരിക്കാനാണ് സാധ്യത. ബിസിഇ 2600-ലെ ഈജിപ്ഷ്യൻ ഹീറോഗ്ലിഫിക്സ് ലിഖിതങ്ങളിൽ ഈജിപ്തിൽ സ്വർണം സുലഭമായിരുന്നെന്ന് പരാമർശിക്കുന്നുണ്ട്. ഈജിപ്തും നുബിയയുമാണ്‌ ലോകത്തിൽ ഏറ്റവുമധികം സ്വർണം ഉത്പാദിപ്പിച്ചിരുന്ന മേഖലകൾ എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ബൈബിളിലെ പഴയനിയമത്തിൽ സ്വർണത്തെപ്പറ്റി പലവട്ടം പരാമർശിക്കുന്നുമുണ്ട്.

സ്വർണത്തിന്റെ നിർമ്മാണചരിത്രത്തിന് എട്രൂസ്കൻ, മിനോവൻ, അസ്സിറിയൻ, ഈജിപ്‌ഷ്യൻ സംസ്കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളിൽ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വർണം നിർമ്മിച്ചിരുന്നത്. പുരാതനകാലം മുതൽ ഇന്ത്യയിൽ മദ്ധ്യേഷ്യയിലും തെക്കൻ യുറൽ പർവ്വത പ്രദേശങ്ങളിലും കിഴക്കൻ മെഡിറ്ററേനിയൻ തീരങ്ങളിലും സ്വർണം നിർമ്മിച്ചു പോന്നിരുന്നു. ഇന്ത്യയിലാണ്‌ സ്വർണം ആദ്യമായി കുഴിച്ചെടുത്ത് ഉപയോഗിച്ചത്.

പതിനാറാംനൂറ്റാണ്ടു മുതൽ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്ന തെക്കേ അമേരിക്കയും മെക്സിക്കോയും ആയിരുന്നു സ്വർണത്തിന്റെ ഏറ്റവും വലിയ ഉൽപ്പാദകർ. പതിനാറാം നൂറ്റാണ്ടിലെ ലോകത്തെ ആകെ സ്വർണോത്പാദനത്തിന്റെ 9 ശതമാനം മെക്സിക്കോയിൽ നിന്നായിരുന്നു. 1851 ഫെബ്രുവരിയിൽ ഓസ്ട്രേലിയയിൽ വൻ സ്വർണനിക്ഷേപങ്ങൾ കണ്ടെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോക സ്വർണോത്പാദനത്തിന്റെ നല്ലൊരു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നായിരുന്നു.

ഇനി സ്വർണത്തിന്റെ ഖനനവും ശുദ്ധീകരണവും എങ്ങനെയെന്ന് നോക്കാം…സ്വർണം വേർതിരിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി സ്വർണം അടങ്ങിയ ചരലിൽ നിന്നും വെള്ളം ഉപയോഗിച്ച് കഴുകി അരിച്ച് എടുക്കുന്ന രീതിയാണ്. ആഭരണങ്ങൾ നിർമ്മിക്കുമ്പോൾ നഷ്ടപ്പെടുന്ന സ്വർണം അരിച്ചെടുക്കുന്നതിന് സ്വർണപ്പണിക്കാരും മറ്റും ഈ രീതി ഉപയോഗിക്കാറുണ്ട്. എന്നാൽ സ്വർണം വേർതിരിച്ചെടുക്കുന്നതിനുള്ള ആധുനികരീതിയാണ് ഹൈഡ്രോളിക് ഖനനം. വെള്ളം ശക്തിയിൽ ചീറ്റിച്ചാണ് ഈ രീതിയിൽ സ്വർണം വേർതിരിച്ചെടുക്കുന്നത്.

മറ്റു മിക്ക ലോഹങ്ങളേയും അലിയിക്കുന്ന നൈട്രിക് അമ്ലവുമായി സ്വർണം പ്രവർത്തനത്തിലേർപ്പെടുന്നില്ല എന്നതും ഒരു പ്രത്യേകതയാണ്. വസ്തുക്കളിലെ സ്വർണത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതിന് നൈട്രിക് അമ്ലം കാലങ്ങളായി ഉപയോഗിച്ചു വരുന്നു. നൈട്രിക് അമ്ലം ഉപയോഗിച്ച് സ്വർണത്തിന്റെ ശുദ്ധത പരിശോധിക്കുന്നതാണ് ആസിഡ് ടെസ്റ്റ് എന്നറിയപ്പെടുന്നത്. ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണം. ഒരു ഗ്രാം സ്വർണം അടിച്ചുപരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. വെറും 29 ഗ്രാം സ്വർണം ഉപയോഗിച്ച് 100 കിലോമീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും.

സ്വർണത്തെ മറ്റു ലോഹങ്ങളുമായി ചേർത്ത് സങ്കരലോഹങ്ങളാക്കാം. ഇത്തരം സങ്കരങ്ങൾക്ക് ശുദ്ധസ്വർണത്തെ അപേക്ഷിച്ച് കൂടുതൽ കടുപ്പമുണ്ടായിരിക്കും. ആകർഷകമായ നിറവും ഈ സങ്കരങ്ങളുടെ പ്രത്യേകതയാണ്. വളരെ നേർത്ത പൊടിയാക്കിയാൽ സ്വർണവും മറ്റു ലോഹങ്ങളെപ്പോലെതന്നെ കറുത്ത നിറത്തിലായിരിക്കും. പ്രകൃതിദത്തമായ സ്വർണത്തിൽ 8 മുതൽ 10 വരെയോ അതിലധികമോ വെള്ളി അടങ്ങിയിരിക്കും.

അതേസമയം, വിപണിയിൽ സ്വർണത്തിന് വില അരലക്ഷവും കടന്ന് മുന്നേറിയിട്ടും വിൽപ്പന കുറയുന്നില്ല. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് മിക്ക ആളുകളും സ്വർണം വാങ്ങിവയ്ക്കുന്നത്. വില കുറയില്ലെന്ന ഉറപ്പും ഒരു കാരണമാണ്. നിലവിൽ അരലക്ഷത്തിന് മുകളിലാണ് ഒരു പവന്റെ വില. ജ്വല്ലറികളിൽ ആഭരണം വാങ്ങാനെത്തിയാൽ പണിക്കൂലി, ജിഎസ്ടി ഒക്കെ ചേർത്ത് 60,000 രൂപ വരെ നൽകണം.

2024 ഏപ്രിലിൽ മാത്രം സ്വർണ വിലയിൽ ആഭ്യന്തര വിപണിയിൽ 7.60 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ വീടുകളിൽ ഏകദേശം 27,000 ടൺ സ്വർണ ശേഖരമുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. 27,000 ടൺ സ്വർണത്തിൽ 5300 ടൺ പണയം വച്ച് വായ്പയെടുക്കുന്നതിനായി ബാങ്കുകളിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്. പലപല ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരാണ് നിലവിൽ ബുദ്ധിമുട്ടുന്നതെങ്കിലും എങ്ങനെയെങ്കിലും ആളുകൾ സ്വർണം വാങ്ങിയിരിക്കും എന്നത് ഒരു സത്യമാണ്.