പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തിനും അഭിനന്ദനങ്ങളുമായി സാഹിത്യകാരന്‍ ബെന്യാമിന്‍. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയില്‍ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യമെന്നും ബെന്യാമിന്‍ കുറിച്ചു.
കഴിഞ്ഞ ദിവസം എമ്പുരാന്‍ കണ്ടിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ട സിനിമകളുടെ ഒരു ആസ്വാദകനല്ല താന്‍. ബാഹുബലി, പുഷ്പ പോലെയുള്ള ചിത്രങ്ങള്‍ കണ്ടതുമില്ല. എങ്കിലും മുഷിയാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം എന്നാണ് തോന്നിയത്. അതിനു കാരണം പൃഥ്വിയുടെ സംവിധായക മികവ് തന്നെ. ഹോളിവുഡ് സിനിമകളില്‍ കാണുന്ന തരം സീനുകള്‍ കൊണ്ട് സമ്പന്നമാണ് ഈ സിനിമയെന്നും ബെന്യാമിന്‍ പറയുന്നു.
ഒരു കച്ചവട സിനിമയാണ് എന്നറിഞ്ഞു കൊണ്ട് തിയറ്ററില്‍ എത്തുന്ന പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ലല്ലോ എന്ന് ചോദിക്കുന്ന സാഹിത്യകാരന്‍ തിരക്കഥയിലെ രാഷ്ട്രീയത്തെ കുറിച്ചും വിലയിരുത്തി. മുരളി ഗോപി ഇതിലേക്ക് കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്ന രാഷ്ട്രീയമാണ്. ഫാസിസം ഇന്ത്യയില്‍ എവിടെ വരെയെത്തി എന്ന ചര്‍ച്ചകള്‍ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ഈ സിനിമ മാറിയെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.
പെരുമാള്‍ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങള്‍ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകള്‍ ആലോചിക്കാനും ഉള്‍പ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. നിര്‍മാതാക്കളുടെ താത്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തില്‍ നിലനില്‍ക്കുക തന്നെ ചെയ്യുമെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.
മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓര്‍മിപ്പിച്ചതിന്റെ വേവലാതി ഈ സിനിമയ്ക്കു പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവര്‍ക്കുണ്ട്. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയില്‍ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തിപ്പെടുത്തുക കലയുടെ ദൗത്യമല്ല. കച്ചവട സിനിമ ആയിരിക്കെ തന്നെ അത്തരത്തില്‍ ഒരു ദൗത്യം നിര്‍വഹിക്കാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ടെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.
സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്ന ചില ഫെയ്സ്ബുക്ക് പത്രക്കാരുടെയും ബുജികളുടെയും ചാനല്‍ നാറികളുടെയും പേജുകള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പൃഥ്വിയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് ആ സിനിമ തങ്ങളുടെ തമ്പുരാക്കന്മാരെ മോശമാക്കിയേ എന്നു നിലവിളിച്ചവരാണ് അവറ്റകള്‍. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി തങ്ങള്‍ നിശ്ചയിക്കും എന്ന് ആക്രോശിച്ചവരാണവരെന്നും ഓര്‍മ്മിപ്പിച്ചു.
Read more
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ. ഇവറ്റകളുടെ പിന്തുണയില്‍ നിന്നല്ല ധീരമായ രചനകള്‍ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തില്‍ നിന്നും ബോധ്യത്തില്‍ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോള്‍ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയര്‍ത്തി നില്‍ക്കാനാവും. അങ്ങനെ തല ഉയര്‍ത്തി നില്‍ക്കാന്‍ കരുത്ത് കാണിച്ച മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങളെന്നും ബെന്യാമിന്‍ പറയുന്നു.