രാജ്യത്തിന്റെ എല്ലാ ഭാഗത്തും നിന്നുള്ള മരുമക്കളുണ്ട്..; കുടുംബത്തിലെ പ്രണയവിവാഹങ്ങളെ കുറിച്ച് ബച്ചന്‍

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ്‌യുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാകുന്നതിനിടെ തന്റെ കുടുംബത്തിലെ പ്രണയ വിവാഹങ്ങളെ കുറിച്ച് പറഞ്ഞ് അമിതാഭ് ബച്ചന്‍. പ്രണയ വിവാഹങ്ങളെ പിന്തുണയ്ക്കുന്നവരാണ് തങ്ങളുടെ കുടുംബം എന്നാണ് ബച്ചന്‍ പറഞ്ഞത്. കോന്‍ ബനേഗ ക്രോര്‍പതി ഷോയുടെ പുതിയ എപ്പിസോഡിലാണ് ബച്ചന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്.

ഷോയില്‍ ഗുജറാത്ത് സ്വദേശിയായ അശുതോഷ് സിങ് മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച തന്നോട് വീട്ടുകാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസാരിച്ചിട്ടില്ല എന്ന് ഇയാള്‍ ഷോയില്‍ പറയുന്നുണ്ട്. ഇതോടെയാണ് തന്റെ കുടുംബത്തില്‍ അങ്ങനെയല്ലെന്ന് പറഞ്ഞ് ബച്ചന്‍ സംസാരിച്ചത്.

”ഞാന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. എന്നാല്‍ ഞാന്‍ വിവാഹം കഴിച്ചത് ബംഗാളില്‍ നിന്നാണ്. എന്റെ സഹോദരന്‍ ഒരു സിന്ധി കുടുംബത്തില്‍ നിന്നാണ് വിവാഹം കഴിച്ചത്. എന്റെ മരുമകന്‍ ഒരു പഞ്ചാബി ഫാമിലിയിലുള്ളതാണ്. എന്റെ മകന്റെ കാര്യം അറിയാമല്ലോ? മംഗലാപുരത്ത് നിന്നാണ് വിവാഹം ചെയ്തത്. ഞങ്ങളുടെ കുടുംബത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുളള മരുമക്കളുണ്ട്” എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.

അതേസമയം, ദുബായില്‍ നടന്ന ഗ്ലോബല്‍ വിമന്‍സ് ഫോറം 2024ല്‍ പ്രസംഗിക്കാനായി ഐശ്വര്യ എത്തിയപ്പോള്‍ പേരിലെ വാലായ ബച്ചന്‍ എന്നത് എടുത്തു മാറ്റിയിരുന്നു. ‘ഐശ്വര്യ റായ്ഇന്റര്‍നാഷണല്‍ സ്റ്റാര്‍’ എന്നായിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞത്. ഐശ്വര്യ തന്റെ പേര് ഔദ്യോഗികമായി മാറ്റി എന്ന തരത്തിലുള്ള ചര്‍ച്ചകളും വന്നിരുന്നു. എന്നാല്‍ ഐശ്വര്യയോ അഭിഷേകോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Read more