ഗംഭീര പ്രമോഷന്‍ നല്‍കിയ തിയേറ്ററില്‍ എത്തിച്ച ‘ബേബി ജോണ്‍’ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പുകളില്‍ ഒന്നാണ്. 2024ന്റെ എന്‍ഡിംഗില്‍ എത്തി ബോളിവുഡിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കിയ ചിത്രം കൂടിയായി മാറിയിരിക്കുകയാണ് ബേബി ജോണ്‍. വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രം വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. 160 കോടി ബജറ്റിൽ എടുത്ത സിനിമയ്ക്ക് ഇതുവരെ വെറും 50 കോടിയിൽ താഴെ മാത്രമാണ് കളക്ഷൻ നേടാനായത്. മലയാളി താരം കീർത്തി സുരേഷിന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം കൂടിയാണ് ബേബി ജോൺ. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഏറെ പ്രധനപ്പെട്ട കാമിയോ റോളിൽ എത്തിയെങ്കിലും സിനിമയെ പരാജയത്തിൽ നിന്നും രക്ഷിക്കാനായില്ല.
പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെക്കുറെ നെഗറ്റീവ് പ്രതികരണങ്ങളാണ് ബേബി ജോണിന് ലഭിച്ചത്. പുഷ്പ 2: ദി റൂൾ, മുഫാസ: ദ ലയൺ കിംഗ് എന്നിവയിൽ നിന്ന് കടുത്ത മത്സരം നേരിട്ട ചിത്രത്തിന് 9-ാം ദിവസം ഇന്ത്യയിൽ ഒരു കോടി രൂപ മാത്രമാണ് നേടാനായത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചിത്രത്തിൻ്റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 36.40 കോടി രൂപയാണ്. 160 കോടി ബജറ്റിൽ ഒരുക്കിയ ഒരു സിനിമയെ സംബന്ധിച്ച് വലിയ നിരാശയാണ് ഈ കളക്ഷൻ.
രാജ്യവ്യാപകമായി 4300 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് എട്ടു ദിവസം പിന്നിടുമ്പോൾ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങുകയാണ് ചെയ്തത്. ഇതിലൂടെ തന്നെ ബേബി ജോണിൻ്റെ തകർച്ച എത്രത്തോളം മോശമാണെന്ന് കണക്കാക്കാം. ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ അനുസരിച്ച് ചിത്രത്തിന് 100 കോടി പോയിട്ട് 50 കോടി പോലും കടക്കാനാകില്ല എന്നാണ് വിലയിരുത്തലുകൾ. ഇതിനിടെ ഓൺലൈനിൽ ലീക്കായതും സിനിമയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
സിനിമയുടെ റിലീസ് ദിനത്തിൽ തന്നെ നേടിയ കളക്ഷനിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. ആദ്യ ദിനത്തിൽ സിനിമ നേടിയത് 12.50 കോടി രൂപയാണ്. എന്നാൽ 2016 ൽ പുറത്തിറങ്ങിയ തെരി ആദ്യ ദിവസം 13.1 കോടി നേടിയിരുന്നു എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. ന്യൂ ഇയർ ദിനത്തിൽ ഇന്ത്യയിലുടനീളം ചിത്രം നേടിയത് വെറും 2.75 കോടി രൂപയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിൻ്റെ ആദ്യകാല കണക്കുകൂട്ടലുകൾ.
അറ്റ്ലി സംവിധാനം ചെയ്ത വിജയ്‍യുടെ സൂപ്പർഹിറ്റ് ചിത്രം ‘തെരി’യുടെ റീമേക്ക് ആയി ഏറെ പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നു ‘ബേബി ജോൺ’. കളക്ഷനിൽ മാത്രമല്ല, പ്രതികരണങ്ങളും സിനിമയെ വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു. വരുൺ ധവാന് വിജയ്‌യുടെ പെർഫോമൻസിനൊപ്പം എത്താൻ പോലും പറ്റിയില്ല എന്ന അഭിപ്രായങ്ങളാണ് ഉയർന്നത്. തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോൺ എന്നും സിനിമയിൽ ഒരു പുതുമയും കാണാൻ സാധിച്ചില്ല എന്നുമൊക്കെയാണ് സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മാത്രമല്ല, സിനിമയുടെ ദൈർഘ്യം കൂടുതലാണെന്നുമുള്ള പ്രതികരണങ്ങളും എത്തിയിരുന്നു.
അതേസമയം, മോശം പ്രകടനം കാഴ്ചവെക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ തിയേറ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മാർക്കോയുടെ ഹിന്ദി പതിപ്പ് ആണ് പ്രദർശിപ്പിച്ചത്. വടക്കേ ഇന്ത്യയിലെ പല തിയേറ്ററുകളിലും ബേബി ജോണിന് പകരം ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിക്കുകയായിരുന്നു.