ഞങ്ങളുടെ അമ്മയെ അഭിസാരികയാക്കി, അശ്ലീലമായ രീതിയിലാണ് ആലിയ അവതരിപ്പിച്ചിരിക്കുന്നത്; ഗംഗുഭായ് കത്ത്യവാടി സിനിമക്ക് എതിരെ കുടുംബം

പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ പെട്ട ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്ത്യാവാടി. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആരോപിച്ച് ഗംഗുഭായിയുടെ വളര്‍ത്തുമകന്‍ സംവിധായകനെതിരെയും ചിത്രത്തിലെ നായിക ആലിയ ഭട്ടിനെതിരെയും കേസ് നല്‍കിയിരുന്നു.

തന്റെ അമ്മയെ ഒരു അഭിസാരികയാക്കി മാറ്റി എന്നാണ് വളര്‍ത്തു പുത്രന്‍ ബാബു ഇപ്പോള്‍ പ്രതികരിക്കുന്നത്. ആളുകള്‍ ഇപ്പോള്‍ തന്റെ അമ്മയെ കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്ന് ബാബു ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തെറ്റായ രീതിയിലാണ് ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം അശ്ലീലമായ രീതിയില്‍. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് അഭിസാരികയായി കാണിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ? നിങ്ങള്‍ ഗംഗുഭായിയെ ലേഡി ഡോണ്‍ ആയി ചിത്രീകരിച്ചു എന്നാണ് ഗംഗുഭായിയുടെ കുടുംബ അഭിഭാഷകന്‍ നരേന്ദ്ര പറയുന്നത്.

ചെറുമകള്‍ ഭാരതിയും സിനിമയ്‌ക്കെതിരെ പ്രതികരിച്ചു. തന്റെ മുത്തശ്ശി കാമാത്തിപുരയിലാണ് താമസിച്ചിരുന്നത്. അപ്പോള്‍ അവിടെ താമസിക്കുന്ന എല്ലാ സ്ത്രീകളും വേശ്യകളായി മാറിയോ? മുത്തശ്ശി രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരെ ദത്തെടുത്തിട്ടുണ്ട്.

തങ്ങള്‍ ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ തങ്ങളെ മോശമായിട്ടാണ് കാണുന്നത്. മുത്തശ്ശി കുട്ടികളെ ദത്തെടുക്കുമ്പോള്‍ കര്‍ശനമായ ദത്തു നിയമങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും ഭാരതി പറഞ്ഞു. അതേയമയം, ഫെബ്രുവരി 25ന് ആണ് ഗംഗുഭായ് കത്ത്യവാഡി തിയറ്ററുകളിലെത്തുന്നത്.