'ഉയര്‍ന്ന പ്രതിഫലവും ലാഭത്തിന്റെ ഷെയറും വേണം'; അക്ഷയ് കുമാറിന് പകരം കാര്‍ത്തിക് ആര്യനെ നായകനാക്കി നിര്‍മ്മാതാവ്

‘ഹേരാ ഫേരി’ ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അക്ഷയ് കുമാറിന് പകരം കാര്‍ത്തിക് ആര്യന്‍. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലും നായകനായ അക്ഷയ് കുമാര്‍ മൂന്നാം ഭാഗത്തിനായി 90 കോടി രൂപ പ്രതിഫലം ചോദിച്ചതോടെയാണ് താരത്തെ മാറ്റി കാര്‍ത്തിക് ആര്യനെ നായകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ നായകനായി 2000ല്‍ എത്തിയ ചിത്രമാണ് ‘ഹേരാ ഫേര’. ‘റാംജി റാവു സ്പീക്കിംഗ്’ ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണ് ഹേരാ ഫേരി. എന്നാല്‍ നീരജ് വോറയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ഫിര്‍ ഹേരാ ഫേരി’ സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ഇനി വരാനിരിക്കുന്നത്.

പ്രതിഫലത്തില്‍ അക്ഷയ്‌യും കാര്‍ത്തിക്കും തമ്മിലുള്ള പ്രതിഫലത്തില്‍ 60 കോടിയുടെ വ്യത്യാസമാണ് ഉള്ളത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ വിഹിതവും നടന്‍ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അക്ഷയ് കുമാറിനെ നായകനാക്കുന്നതിനെക്കാള്‍ ലാഭകരം കാര്‍ത്തിക് ആര്യന്‍ വരുന്നതാണ് എന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

നിര്‍മ്മാതാവായ ഫിറോസ് നദിയവാല അക്ഷയ് കുമാറുമായും കാര്‍ത്തിക് ആര്യനുമായി ചര്‍ച്ചകള്‍ നടത്തിയതിയിരുന്നു. ഇതിന് ശേഷം പ്രതിഫലത്തിന്റെ കാര്യത്തില്‍ അക്ഷയ് കുമാറുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് കാര്‍ത്തിക് ആര്യനിലേക്ക് തന്നെ എത്തിയത്.

രാജു എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിച്ചത്. അക്ഷയ് കുമാര്‍ ഇല്ല എന്നറിഞ്ഞതിന് പിന്നാലെ ‘നോ രാജു നോ ഹേരാ ഫേരി’ എന്ന ഹാഷ് ടാഗും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാണ്. എന്നാല്‍ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാത്ത് കൊണ്ടാണ് താന്‍ പിന്‍മാറിയത് എന്നാണ് അക്ഷയ് കുമാര്‍.