എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

മലയാള സിനിമാ ചരിത്രത്തില്‍ എംപുരാന്‍ അടയാളപ്പെടുത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ആദ്യം അതിന്റെ ധീരതയുടെ പേരില്‍, അവസാനം അതിന് സ്വയം വരിക്കേണ്ടി വന്ന ‘ത്യാഗ’ത്തെ തുടര്‍ന്നും. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയുടെ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍, ആ കൊടുംക്രുര കൃത്യത്തെക്കുറിച്ച്, പറയാന്‍ ധൈര്യം കാണിച്ച സിനിമ ആ ഒറ്റക്കാരണം കൊണ്ടുതന്നെ പ്രധാനപ്പെട്ടതാണ്. ബംജ്റംഗി എന്ന വര്‍ഗീയ വാദിയെ കഥാപാത്രമാക്കിയപ്പോള്‍ ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുകയാണ് സിനിമ ചെയ്തത്. 18 വെട്ടുകള്‍ക്ക് ശേഷവും ആ ധീരത ഇല്ലാതാക്കപ്പെടില്ല. അത്രയും പ്രസക്തി ആ സിനിമയ്ക്ക ചരിത്രത്തിലുണ്ട്.

സിനിമ പുറത്തിറങ്ങി ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തുടങ്ങിയതാണ് സംഘ്പരിവാരത്തിന്റെ ഭീഷണിയും തെറിവിളിയും. മോഹന്‍ ലാല്‍ എന്ന നടന്‍ തങ്ങളെ കൈയൊഴിഞ്ഞുവെന്ന സംഘി വേദന മുതല്‍, നിന്നെ കൊണ്ട് തിരുത്തിക്കുമെന്ന ഭീഷണിയും തെറിവിളിയും വരെ സാമൂഹ്യ മാധ്യമത്തില്‍ നിറഞ്ഞു. പല ഭാഷകളില്‍ സംസാരിച്ച് ബിജെപിയുടെയും സംഘ്പരിവാരത്തിന്റെയും നേതൃത്വം, ഓണ്‍ലൈന്‍ വെട്ടുകിളി സംഘത്തിന് പ്രോല്‍സാഹനം നല്‍കി. സിനിമ റീ സെന്‍സര്‍ ചെയ്യാന്‍ നിര്‍മ്മാതക്കള്‍ തിരുമാനിക്കുന്നു തൊട്ടുപിന്നാലെ ഖേദിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ വിശദീകരണവും വരുന്നു. ഇങ്ങനെ ഭീഷണിയ്ക്ക് മുന്നില്‍ ചരിത്രവസ്തുതയും വലിച്ച് ഓടേണ്ടി വന്നുവെന്ന നിസ്സാഹയത മേതതര ജനാധിപത്യവാദികളില്‍ എംപുരാന്‍ അവശേഷിപ്പിക്കുമ്പോഴും ഈ സംഭവം ചില ചോദ്യങ്ങള്‍, സമൂഹമെന്ന നിലയില്‍ നമ്മള്‍ അഭിസംബോധന ചെയ്യേണ്ടവ ഉയര്‍ത്തുന്നുണ്ട്.

തന്റെ ചില ആരാധകരെ വേദനിപ്പിക്കേണ്ടിവന്നുവെന്നാണ് മോഹന്‍ലാല്‍ തന്റെ ഖേദ പ്രകടനകുറിപ്പില്‍ പറയുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ ഒരു സിനിമയും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടൊ, മതവിഭാഗത്തോടൊ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട കടമ തനിയ്ക്കാണെന്നും അതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും ടീമിനും ഖേദമുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. വെട്ടിമാറ്റപെടാത്ത എംപുരാനിലെ ഏത് ഭാഗമാണ് മത വിദ്വേഷം കാണിച്ചിട്ടുള്ളത്?

അങ്ങനെയൊന്നും ഉണ്ടാകാതിരുന്നിട്ടും അങ്ങനെ സംഭവിച്ചുവെന്ന് ഏറ്റുപറയാന്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ താരത്തിന് പോലും തയ്യാറാകേണ്ടിവരുന്നുവെന്നതാണ് ശ്രദ്ധേയം. ആ അവസ്ഥയുടെ പേരാണ് ഭീതി. ഈ ഭീതിയെന്നത് സാധാരണക്കാരനല്ല, മറിച്ച് ഇന്ത്യയിലെ പ്രധാന നടനാണ് ഉണ്ടായിരിക്കുന്നത്. ഭീതി എന്നത് ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്, അത് നവ ഫാസിസത്തിന്റെതായാലും ക്ലാസിക്കല്‍ ഫാസിസത്തിന്റേതായാലും.

ചരിത്രം പറയേണ്ടിവരുമ്പോള്‍, വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാത്തവര്‍ക്കുപോലും ഹിന്ദുത്വമേല്‍പ്പിച്ചിച്ച ഭീകരതയെക്കുറിച്ച്, അധികാരത്തിലെത്താന്‍ വംശഹത്യ നടത്തിയവരെക്കുറിച്ച് പറയേണ്ടിവരുന്നുവെന്നത് നല്ല കാര്യമാണ്. എംപുരാനില്‍ എന്നെ ആകര്‍ഷിച്ച ഘടകമിതാണ്. മുരളി ഗോപി എന്ന തിരക്കഥാകൃത്ത് സൂക്ഷ്മമായി രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന ആളായി അദ്ദേഹത്തിന്റെ സിനിമകളിലൂടെ തെളിയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളായി അഭിമുഖങ്ങളിലും മറ്റും കണ്ടത്, ഒരു അരാഷ്ട്രീയ, ലിബറലാണ് അദ്ദേഹമെന്നതാണ്. അതും തീര്‍ച്ചയായും ഒരു രാഷ്ട്രീയ നിലപാടാണ്. ഫാസിസത്തിന്റെ ( വീണ്ടും പറയുന്നു, അത് നവ ഫാസിസമായാലും, ക്ലാസിക്കല്‍ ഫാസിസമായാലും) ഭീതിയെക്കുറിച്ചൊന്നും അദ്ദേഹം ആകുലപ്പെടുന്നതായി കണ്ടിട്ടുമില്ല. അങ്ങനെയുള്ള ഒരു എഴുത്തുകാരനും പോലും ചരിത്രത്തിലെ വെറുപ്പ് നിര്‍മ്മാണത്തെക്കുറിച്ച് പറയുമ്പോള്‍ ഹിന്ദുത്വവാദത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടിവരുന്നുവെന്നത് നല്ല ലക്ഷണമാണ്. അരാഷ്ട്രീയ ലിബറല്‍ ആശങ്കകളിലും ഹിന്ദുത്വ ഫാസിസം ഒരു ആശങ്കയായി രൂപപ്പെടുന്നുവെന്നത് പ്രധാനപ്പെട്ട സംഗതതിയാണ്. യാഥാര്‍ത്ഥ്യത്തിലേക്കുള്ള കണ്ണുതുറക്കലാണത്. ആരുടെയെങ്കിലും ഭീഷണയില്‍ ഏതെങ്കിലും മുതലാളി വെട്ടിമാറ്റാന്‍ ഉത്തരവിട്ടാല്‍ ചരിത്രത്തില്‍നിന്നും അതില്ലാതാവില്ല. .

എംപുരാന്‍ സിനിമയില്‍ വിപ്ലവ തിരുവാതിരയും, ഇടത് അവ്യക്തതകളും ഹിന്ദുത്വത്തിലേക്ക് ചായുന്ന കോണ്‍ഗ്രസുമെല്ലാമുണ്ട്. എങ്കിലും കൊണ്ടത് സംഘികള്‍ക്കാണ്. കാരണം അവിടെയാണ് ഊന്നല്‍ എന്നത് തന്നെ.

എന്തായാലും എംപുരാന്‍ റീ സെന്‍സര്‍ ചെയ്യപ്പെട്ടു. ഫാസിസ്റ്റ് സൈബര്‍ കടന്നലുകള്‍ ഉണ്ടാക്കിയ ഭീതിയില്‍ സിനിമയുടെ അണിയറക്കാര്‍ സ്വയം സന്നദ്ധരായി അതിന് തയ്യാറാവുകയായിരുന്നു. അധികാരികള്‍ ഒന്നും പറഞ്ഞതായി അറിവില്ല. ‘ഇവിടെ ക്ലാസിക്കല്‍ ഫാസിസമല്ല, ഇതിനെ അങ്ങനെ വിളിക്കല്ലേ’ എന്ന് 30 കളിലേയും 40 കളിലേയും ഇറ്റലിയേയും ജര്‍മ്മനിയേയും നോക്കി പിന്നോട്ടു നടക്കുന്നവര്‍ക്കും വേണമെങ്കില്‍ ദൃഷ്ടാന്തങ്ങളുണ്ട്. ഇപ്പോള്‍ പിന്തുണയുമായി എത്തിയ രാഷ്ട്രീയ നേതൃത്വത്തിലുള്ള എത്രപേര്‍, ‘തെറ്റുകള്‍ തിരുത്താന്‍’ താന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് റി സൈന്‍സറിങിന് തയ്യാറായ മുതലാളിയെ വിമര്‍ശിക്കും? ആരും കാണില്ല. അതാണ് ഫാസിസത്തോടുള്ള നമ്മുടെ ടോളറന്‍സ്.

വെട്ടിമാറ്റിയാലോ, വാഴ്തിപാടിയാലോ ചരിത്രം മാറി പോകില്ല. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യ ഭരിക്കുന്ന പ്രത്യയശാസ്ത്രമാണ് ഗുജറാത്തില്‍ മുസ്ലീങ്ങളെ കൂട്ടകൊല ചെയ്തതത് എന്ന വസ്തുത, സിനിമ റീ സെന്‍സറിങ് ചെയ്യുന്നത് പോലെ വെട്ടിമാറ്റാന്‍ പറ്റുന്ന ഒന്നല്ല. അതിന് പല രീതിയില്‍ കൂട്ടുനിന്നവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നതെന്നതും ചരിത്രത്തിലെ വെട്ടിമാറ്റാന്‍ പറ്റാത്ത വസ്തുതകളാണ്. ബംജ്റംഗി എന്നത് സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേര് മാത്രമല്ല, ഗുജറാത്ത് വംശഹത്യയില്‍ താന്‍ എന്തൊക്കെ ചെയ്തുവെന്ന് അഹങ്കാെേരത്താടെയും അഭിമാനത്തോടെയും റാണ അയൂബ് എന്ന മാധ്യമ പ്രവര്‍ത്തകയോട് പറഞ്ഞ ബംജ്രംഗ് ദള്‍ എന്ന സംഘ്പരിവാര്‍ സംഘടനയുടെ നേതാവായിരുന്നു. മുസ്ലിങ്ങളെ തീയിട്ട് കൊന്നതിന്റെ കഥകളാണ് അയാള്‍ റാണാ അയൂബിനൊട് പറഞ്ഞത്. ഇനിയും അത് ചെയ്യുമെന്ന് ആവര്‍ത്തിച്ചത്.

വെട്ടിമാറ്റാന്‍ പറ്റാത്ത ഹിന്ദുത്വ ഭീകരതയുടെ ചരിത്രമായി അയാള്‍ അവശേഷിക്കും. ആ പേര് ചരിത്രത്തിലുണ്ടാവും, സിനിമയില്‍നിന്ന് വെട്ടിയാലും വെട്ടിമാറ്റൂവെന്ന് പറയാന്‍ ഒരു മുതലാളിക്കും പറയാനും ചെയ്യാനും കഴിയാത്ത രീതിയില്‍ ഇന്ത്യയുടെ ചിരത്രത്തില്‍ സംഘ്പരിവാരിനെ അടയാളപ്പെടുത്തിയ വസ്തുകളാണ് അത്.