'പി.എം കെയേര്‍സ് ഫണ്ടിലെ പൈസ തിന്നോ? ഇപ്പോള്‍ ഓക്സിജനായി ചോദിക്കുന്നോ?'; കെജ്‌രിവാളിനും താക്കറക്കുമെതിരെ കങ്കണ

രാജ്യത്ത് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് മരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെ പരസ്യമായി പരിഹസിച്ച് നടി കങ്കണ റണൗട്ട്. പിഎം കെയര്‍ ഫണ്ടിലെ പണം നിങ്ങള്‍ തിന്നു തീര്‍ത്തോ എന്നാണ് കങ്കണ ചോദിക്കുന്നത്.

“”പിഎം കെയേര്‍സ് ഫണ്ടിലെ പൈസ തിന്നോ? എന്നിട്ട് ഇപ്പോള്‍ ഓക്സിജന് വേണ്ടി ചോദിക്കുന്നു. എവിടെയാണ് പണമെല്ലാം പോയത്? എന്തുകൊണ്ടാണ് ഇവര്‍ രണ്ട് പേരും ഓക്സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാത്തത്? അത് എന്തിനൊക്കെ ചെലവഴിച്ചു എന്നതിന് ഞങ്ങള്‍ക്ക് ഉത്തരം വേണം”” എന്നാണ് കങ്കണയുടെ ട്വീറ്റ്.

ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനായി ജനുവരിയില്‍ പിഎം കെയര്‍സ് ഫണ്ട് ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കും ഫണ്ട് അനുവദിച്ചു. പത്ത് പ്ലാന്റുകള്‍ക്ക് ഫണ്ട് അനുവദിച്ച മഹാരാഷ്ട്രയും എട്ട് പ്ലാന്റുകള്‍ക്കായി ഫണ്ട് ലഭിച്ച ഡല്‍ഹിയും ഒരു പ്ലാന്റ് മാത്രമാണ് ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് പ്ലാന്റുകള്‍ നിര്‍മ്മിക്കാതിരുന്നത് എന്നതില്‍ ഉത്തരം വേണം എന്ന പോസ്റ്റര്‍ പങ്കുവച്ചാണ് കങ്കണയുടെ ട്വീറ്റ്.

രാജ്യത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യവും വര്‍ദ്ധിക്കുകയാണ്. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രോഗികള്‍ മരിക്കുന്ന സാഹചര്യമാണ്. ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ മറ്റ് സംസ്ഥാനങ്ങളോട് ഓക്‌സിജന്‍ ആവശ്യപ്പെട്ടു.