വിവാഹമോചനത്തിന് ശേഷം ആമിര്‍ ഖാനും കിരണ്‍ റാവുവും തങ്ങളുടെ സൗഹൃദം ഉപേക്ഷിച്ചിട്ടില്ല. വോട്ട് ചെയ്യാനും വിവാഹപാര്‍ട്ടികളിലും ഇരുവരും ഒന്നിച്ചെത്തിയത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. കിരണിന്റെ ‘ലാപതാ ലേഡീസ്’ എന്ന ഹിറ്റ് ചിത്രം നിര്‍മ്മിച്ചതും ആമിര്‍ ആണ്. 2021ല്‍ ആയിരുന്നു ആമിറും കിരണും വിവാഹമോചിതരാകുന്നത്.
തങ്ങള്‍ വിവാഹിതരാകാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കിരണ്‍ റാവു ഇപ്പോള്‍. ‘ഷി ദ പീപ്പിള്‍’ എന്ന പരിപാടിയിലാണ് ആമിറിനെ വിവാഹം ചെയ്യാനും വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് കിരണ്‍ റാവു പറഞ്ഞത്. ”വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തോളം ഞാനും ആമിറും ഒരുമിച്ച് ജീവിച്ചിരുന്നു.”
”വിവാഹത്തിലേക്ക് കടന്നത് മാതാപിതാക്കളുടെ ഇടപെടല്‍ കാരണമാണ്. വ്യക്തികളായും ദമ്പതികളായും ഒരുപോലെ മുന്നോട്ട് പോകാന്‍ കഴിയുകയാണെങ്കില്‍ വിവാഹം നല്ലൊരു സ്ഥാപിത വ്യവസ്ഥയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിവാഹം എങ്ങനെ മനുഷ്യരെ ഞെരുക്കുന്നുവെന്ന കാര്യം നമ്മള് അധികം ചര്‍ച്ച ചെയ്തിട്ടില്ല.”
”ഈ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മനശാസ്ത്രജ്ഞയായ എസ്തര് പെരല് ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അത് വളരെ രസകരമായ ഒന്നാണ്. കുരങ്ങന്മാരായിരിക്കെ നാം ഒരുമിച്ച് ജീവിക്കുകയായിരുന്നു. അണുകുടുംബ വ്യവസ്ഥ സമ്മര്‍ദമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.”
”കുടുംബത്തെ ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകള്‍ക്കാണ് ഉത്തരവാദിത്തം. ഭര്‍ത്താവിന്റെ കുടുംബവുമായും ബന്ധുക്കളുമായുമെല്ലാം സ്ത്രീകള്‍ എപ്പോഴും നല്ല ബന്ധം വെച്ചുപുലര്‍ത്തണമെന്നാണ് പ്രതീക്ഷകള്‍, അങ്ങനെ ഒരു പ്രതീക്ഷകള്‍ നിലനില്ക്കുന്നു” എന്നാണ് കിരണ്‍ റാവു പറയുന്നത്.
അതേസമയം, ആദ്യ ഭാര്യ റീന ദത്തയുമായുള്ള ഡിവോഴ്സിന് ശേഷമാണ് ആമിര്‍ 2005ല്‍ കിരണിനെ വിവാഹം ചെയ്യുന്നത്. ‘ലഗാന്‍’ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാനില്‍ സംവിധായകന് അശുതോഷ് ഗൊവാരികറിന്റെ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍ റാവു.