അമീഷ പട്ടേല്‍ വഞ്ചിച്ചു, പരാതിയുമായി നിര്‍മ്മാതാവ്; നടി നിയമക്കുരുക്കില്‍

ബോളിവുഡ് താരം അമീഷ പട്ടേലിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് റാഞ്ചി സിവില്‍ കോടതി. അമീഷയ്ക്കും ബിസിനസ് പാര്‍ടണറായ ക്രുനാലിനുമെതിരെയാണ് ചെക്ക് ബൗണ്‍സ് കേസില്‍ വഞ്ചനാക്കുറ്റത്തിന് വാറണ്ട് പുറപ്പെടുവിച്ചത്.

ജാര്‍ഖണ്ടില്‍ നിന്നുള്ള അജയ് കുമാര്‍ സിംഗ് എന്ന നിര്‍മ്മാതാവാണ് പരാതി നല്‍കിയിരിക്കുന്നത്. അമീഷ പട്ടേലിനും പങ്കാളിക്കുമെതിരെ വഞ്ചന, ഭീഷണിപ്പെടുത്തല്‍, ചെക്ക് ബൗണ്‍സ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. സമന്‍സ് അയച്ചിട്ടും അമീഷയോ അവരുടെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല.

സിആര്‍പിസി 420, 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് അമീഷയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ‘ദേസി മാജിക്’ എന്ന സിനിമ നിര്‍മ്മിക്കാനും പബ്ലിസിറ്റിക്കുമായി നടിയും ബിസിനസ് പാര്‍ട്ണറും 2.5 കോടി രൂപയാണ് നിര്‍മ്മാതാവില്‍ നിന്നും കൈപറ്റിയത്.

സിനിമ പൂര്‍ത്തിയായ ശേഷം പണം പലിശ സഹിതം തിരികെ നല്‍കാമെന്ന് ഇരുവരും പറഞ്ഞിരുന്നു. 2013ല്‍ ആണ് ദേസി മാജിക്കിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ഈ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

Read more

പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അമീഷ അത് നിരസിക്കുകയായിരുന്നു. ഒരുപാട് കാലതാമസത്തിന് ശേഷം 2018 ഒക്ടോബറില്‍ 2.5 കോടിയുടെ ചെക്ക് നല്‍കിയെങ്കിലും ബൗണ്‍സ് ആവുകയായിരുന്നു. ഏപ്രില്‍ 15ന് ആണ് കോടതിയില്‍ അടുത്ത വാദം കേള്‍ക്കുക.