എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമില്ല, എന്റെ കാര്യത്തില്‍ ബോളിവുഡ് മൗനത്തിലാണ്: സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍ ചിത്രം ‘സിക്കന്ദര്‍’ ദയനീയ പരാജയത്തിലേക്ക് നീങ്ങുകയാണ്. ഏറെ ഹൈപ്പോടെയാണ് തിയേറ്ററുകളില്‍ എത്തിയതെങ്കിലും ഒരു സൂപ്പര്‍താര സിനിമയ്ക്ക് ലഭിക്കേണ്ടയിരുന്ന പ്രേക്ഷകപ്രീതിയോ കളക്ഷനോ സിക്കന്ദറിന് നേടാനായിട്ടില്ല. ഫ്രീ ടിക്കറ്റ് നല്‍കിയിട്ടും തിയേറ്ററുകളില്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തുന്നില്ല. മാര്‍ച്ച് 30ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ഷോകള്‍ രണ്ടാം ദിവസം തന്നെ റദ്ദാക്കുകയും ചെയ്തിരുന്നു.

സിനിമയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍. ബോളിവുഡില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ല എന്ന പരാതിയുമായാണ് സല്‍മാന്‍ എത്തിയിരിക്കുന്നത്. മറ്റുള്ള താരങ്ങളുടെ സിനിമ താന്‍ പ്രമോട്ട് ചെയ്യാറുണ്ട്. എന്നാല്‍ തന്റെ സിനിമയെ കുറിച്ച് ബോളിവുഡ് മുഴുവന്‍ മൗനത്തിലാണ്.

മറ്റുള്ളവര്‍ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ്. എന്നാല്‍ അത് അങ്ങനെയല്ല. ഞാനും പിന്തുണ അര്‍ഹിക്കുന്നു എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്. എന്നാല്‍ സിനിമയുടെ പ്രമോഷനായി ആമിര്‍ ഖാന്‍ എത്തിയതും, സണ്ണി ഡിയോള്‍ പിന്തുണച്ചെത്തിയതും ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം, സല്‍മാന്‍ ഖാന്‍ ചിത്രത്തെ പിന്തള്ളി മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്‍’ ആണ് കളക്ഷന്‍ റെക്കോര്‍ഡില്‍ മുന്നില്‍ എത്തിയിരിക്കുന്നത്. ആദ്യ ദിവസം ലോകത്തൊന്നാകെ 67 കോടി രൂപയാണ് എമ്പുരാന്‍ നേടിയത്. ഇന്ത്യയില്‍ ഇക്കൊല്ലം ഒരു ദിവസത്തെ ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയായി എമ്പുരാന്‍ റെക്കോഡിട്ടിരുന്നു.

മുംബൈയില്‍ അടക്കം സിക്കന്ദറിനേക്കാള്‍ എമ്പുരാനിലാണ് പ്രേക്ഷകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മുംബൈയിലെ നാല് മള്‍ട്ടിപ്ലക്‌സുകളില്‍ സിക്കന്ദറിന് പകരം എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നു. 200 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇതുവരെ 100 കോടിക്ക് അടുത്ത് എത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more