കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി സോനു സൂദ്; വീഡിയോ

കാറപകടത്തില്‍പ്പെട്ട യുവാവിന് രക്ഷകനായി നടന്‍ സോനു സൂദ്. ബോധരഹിതനായ യുവാവിനെ സോനു സൂദ് കയ്യിലെടുത്തു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പഞ്ചാബിലെ മോഗയിലെ ദേശീയ പാതയിലാണ് സംഭവം നടന്നത്.

സഹോദരി മാളവിക സൂദിന്റെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനാണ് സോനു പഞ്ചാബ് സന്ദര്‍ശിച്ചത്. കോട്ടപ്പുര ബൈപാസിലൂടെ യാത്ര ചെയ്യുമ്പോഴാണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് സാക്ഷിയാകുന്നത്.

ഉടന്‍ തന്നെ കാര്‍ നിര്‍ത്തി സോനുവും സുഹൃത്തുക്കളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബുക്കന്‍വാല സ്വദേശിയായ സുഖ്ബിര്‍ സിംഗിനാണ് അപകടത്തില്‍ പരിക്കേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സിനിമയില്‍ സജീവമാണു സോനു സൂദ്. കോവിഡ് ലോക്ഡൗണ്‍ കാലത്ത് സാധാരണ ജനങ്ങള്‍ക്ക് കൈത്താങ്ങായ വ്യക്തിയാണ് സോനു സൂദ്. മഹാമാരിയുടെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി പേര്‍ക്കാണ് സോനു സൂദ് സഹായം എത്തിച്ചത്.

Read more