ഇസ്ലാമില്‍ ഹിജാബ് തിരഞ്ഞെടുപ്പല്ല നിര്‍ബന്ധമാണെന്ന് മുന്‍ യുവ നടി സൈറ വസീം. കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്നത് അനീതിയാണെന്നും സൈറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മത വിശ്വാസം അഭിനയത്തെ ബാധിക്കുന്നതിനാല്‍ സിനിമ മേഖല ഉപേക്ഷിച്ച നടിയാണ് സൈറ വസീം.
”ഇസ്ലാമില്‍ ഹിജാബ് തിരഞ്ഞെടുപ്പല്ല. നിര്‍ബന്ധമാണ്. ഒരു സ്ത്രീ തന്നെ സമര്‍പ്പിച്ച ദൈവത്തിന്റെ കല്‍പ്പനകള്‍ അനുസരിക്കുകയാണ്. ഞാന്‍ ബഹുമാനത്തോടെയും നന്ദിയോടെയും ഹിജാബ് ധരിക്കുന്നു. അതിലൂടെ മതപരമായ പ്രതിബന്ധത നിര്‍വഹിച്ചതിന്റെ പേരില്‍ സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയെ ചെറുക്കുകയുമാണ്.”
”മുസ്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ഹിജാബ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വരുന്ന വ്യവസ്ഥിതി അനീതിയാണ്. നിങ്ങളുടെ അജണ്ട പോഷിപ്പിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവരെ നിര്‍ബന്ധിക്കുകയാണ്.”
”ഇതിനെല്ലാം ഉപരിയായി ശാക്തീകരണത്തിന്റെ പേരിലാണ് ഇതെല്ലാം എന്ന മുഖചിത്രം അതിന്റെ വിപരീതമായി ചെയ്ത് കൊണ്ട് കെട്ടിപ്പടുക്കുന്നത് ദുഖകരമാണ്” എന്നാണ് സൈറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. 2019ല്‍ ആണ് സൈറ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചത്.
Read more
തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം ബാധിക്കുന്നു എന്നായിരുന്നു സൈറ പറഞ്ഞത്. തന്റെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്യണമെന്നും ഇനി അത്തരം ചിത്രങ്ങള്‍ പങ്കുവെക്കരുതെന്നും സൈറ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.