ലഹരി മാഫിയ വാദം എന്റെ മേല്‍ വന്നത് ആ സിനിമ ചെയ്തതുകൊണ്ട്, ഞങ്ങളല്ല ആ മട്ടാഞ്ചേരി മാഫിയ: ആഷിഖ് അബു

റിമ കല്ലിങ്കലിനും ആഷിഖ് അബുവിനുമെതിരെയുള്ള ഗായിക സുചിത്രയുടെ ആരോപണങ്ങള്‍ ചര്‍ച്ചയായിരിക്കുകയാണ്. ലഹരി പാര്‍ട്ടികള്‍ ആണ് റിമയുടെ കരിയര്‍ തകരാനുള്ള പ്രധാന കാരണം. കൊച്ചിയില്‍ റെയ്ഡുകള്‍ നടന്നത് റിമ കല്ലിങ്കലിനും ആഷിക്ക് അബുവിനും എതിരെയാണെന്നുമാണ് സുചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

മലയാള സിനിമയില്‍ ലഹരി മാഫിയ നിയന്ത്രിക്കുന്നത് താനാണെന്ന് ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ട് ആഷിഖ് അബു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സംവിധായകന്‍ പ്രതികരിച്ചത്. താന്‍ സംവിധാനം ചെയ്ത ‘ഇടുക്കി ഗോള്‍ഡ്’ എന്ന ചിത്രം ഇവിടെ കള്‍ട്ട് ആയി ആളുകള്‍ ആഘോഷിക്കുന്നുണ്ട്.

അതിന്റെ പേരിലാണ് ഒരു ലഹരി മാഫിയ വാദം തന്റെ മേല്‍ വന്നത്. ഇങ്ങനൊരു വാദം ഉള്ളവര്‍ക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്. പരാതി കൊടുത്താല്‍ എന്തായാലും അതിന്മേല്‍ അന്വേഷണം ഉണ്ടാകും. ആരെങ്കിലും പരാതിയുമായി മുന്നോട്ട് വന്നാല്‍ അതില്‍ അന്വേഷണം വേണമെന്നാണ് തന്റെ അഭിപ്രായം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത്തരം ലഹരി മാഫിയകളെ കുറിച്ച് പറയുന്നുണ്ട്, അതുകൊണ്ട് തന്നെ അതില്‍ അന്വേഷണം വേണം. ആരാണ് ശരിക്കുള്ള ഇവിടത്തെ ലഹരി മാഫിയയെന്ന് കണ്ടെത്തണം എന്നാണ് ആഷിഖ് അബു പറയുന്നത്. മലയാള സിനിമയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മട്ടാഞ്ചേരി മാഫിയ എന്ന പേരിനെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു.

ഒരു പേരും ഇല്ലാത്തൊരു ഗ്യാങ് ആണ് തങ്ങളുടെത്. സുഹൃത്തുക്കളാണ് ഈ ഗ്യാങ്ങിലുള്ളത്. സുഹൃത് ബന്ധത്തിന് അപ്പുറം യാതൊരു അജണ്ടയും ഞങ്ങള്‍ക്ക് ഇല്ല. അതിനെ വ്യക്തിപരമായ വിമര്‍ശനങ്ങളായി കണ്ടാല്‍ മതി എന്നും ആഷിഖ് അബു വ്യക്തമാക്കി.