വിനോദ് ഗുരുവായൂര്‍ ഒരുക്കുന്ന “മിഷന്‍ സി” ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിന് അപൂര്‍വ്വ നേട്ടം. ട്രെയലറിലെ ഒടുന്ന ബസില്‍ നിന്നുള്ള താരത്തിന്റെ സാഹസിക രംഗങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. കൈലാഷിനെതിരെ നേരത്തെ ട്രോളുകളും വിമര്‍ശനങ്ങളും എത്തിയിരുന്നുവെങ്കിലും താരത്തിന്റെ അഭിനയ മികവിന് കൈയ്യടിയാണ് ലഭിക്കുന്നത്.
കൈലാഷിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും മിഷന്‍ സി. താന്‍ ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സിയിലേത് എന്നാണ് കൈലാഷ് പറയുന്നത്. ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രമായാണ് കൈലാഷ് ചിത്രത്തില്‍ വേഷമിടുന്നത്.
വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ മിഷന്‍ സിയിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണ്. അത് വലിയൊരു ഉത്തരവാദിത്തമാണ്. തനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും നിര്‍മ്മാതാക്കളോടും എന്നും സ്‌നേഹവും നന്ദിയുമുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹവും കടപ്പാടും പങ്കുവയ്ക്കുകയാണെന്നും കൈലാഷ് പറഞ്ഞു.
റോഡ് ത്രില്ലര്‍ മൂവിയായി ഒരുക്കിയ ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകനായെത്തുന്നത്. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജി ശര്‍മ്മ തുടങ്ങിയ താരങ്ങളും മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാമക്കല്‍മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹൃദയഹാരിയായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്‍.ഒ-പി.ആര്‍ സുമേരന്‍.