പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.
മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.
ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മാധവൻ. എന്തൊരു അവിശ്വസിനീയമായ സിനിമയാണ് ആടുജീവിതം എന്നാണ് മാധവൻ പറയുന്നത്. കമൽഹാസൻ, മണിരത്നം, രവി കെ ചന്ദ്രൻ തുടങ്ങീ നിരവധി പേരാണ് നേരത്തെ ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നത്.
പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.
“എന്തൊരു അവിശ്വസിനീയ സിനിമയാണിത്, പ്രിയപ്പെട്ട എന്റെ സഹോദരൻ പൃഥ്വീ, നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ യാഥാർത്ഥ ശേഷി ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തതിൽ നന്ദി.” എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ മാധവൻ പറയുന്നത്.
What an incredible credible film, my dear brother @PrithviOfficial . So proud and in awe of you. Thank you for showing what new edge Indian Cinema is capable of.. 🤗🤗❤️❤️🙏🙏🙏🙏 https://t.co/eccAGHoGrJ
— Ranganathan Madhavan (@ActorMadhavan) March 29, 2024
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.
2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.