എആര്‍എം ഇഷ്ടപ്പെട്ടില്ല, അതിനകത്ത് ചുമ്മാ അടിപിടിയല്ലേ.. പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു: മധു

ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ തനിക്ക് ഇഷ്ടപെട്ടില്ലെന്ന് നടന്‍ മധു. അതൊരു അടിപിടി പടമാണ് എന്നാണ് മധു പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രം അത്രയും ഇഷ്ട്ടപ്പെട്ടില്ലെന്നും ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകുമെന്നുമാണ് മധു പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു പ്രതികരിച്ചത്.

”ഞാന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍, ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ, എ ആര്‍ എം അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും.”

”അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ. ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും. എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും.”

”അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍ അതിന് സാധിക്കില്ല. ഈ പടം കാണുമ്പോള്‍ ആ വിഷമം എനിക്ക് ഉണ്ടായിരുന്നു” എന്നാണ് മധു പറയുന്നത്. അതേസമയം, ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രം അതിവേഗം 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

Read more