'മുത്തച്ഛന്‍ വിഷു കൈനീട്ടമായി തന്ന അല്‍ഫോൻസാമ്മയുടെ ചിത്രമുള്ള നാണയം'; നഷ്ട സങ്കടത്തില്‍ അനു സിത്താര

കൊറോണ ഭീതിയുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളേതുമില്ലാതെ മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് ഓരോ വിഷുവും. മുത്തച്ഛന്‍ തന്ന ഒരു വിഷു കൈ നീട്ടത്തിന്റെ ഓര്‍മ്മയിലാണ് നടി അനു സിത്താര. അത് നഷ്ടപ്പെട്ടതിന്റെ സങ്കടവും.
വിഷുക്കൈനീട്ടം എന്നു പറയുമ്പോള്‍ അതാണ് അനുവിന്റെ ഓര്‍മയിലേക്ക് വരാറുള്ളത്.

മുത്തച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛനെ മാനൂന്നും മുത്തച്ഛനെ അച്ഛാ എന്നുമാണ് ഞാന്‍ വിളിച്ചിരുന്നത്. അഞ്ചില്‍ പഠിക്കുമ്പോള്‍ ഞാനും അമ്മയും കല്‍പ്പറ്റ ടൗണില്‍ വച്ച് മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെ ഓടി വന്ന് എന്റെ കയ്യില്‍ ഒരു നാണയം തന്നു. അതില്‍ അല്‍ഫോന്‍സാമ്മയുടെ ചിത്രമുണ്ടായിരുന്നു.

“ഇത് നീ സൂക്ഷിക്കണം. 10 വര്‍ഷം കഴിഞ്ഞ് മോള്‍ വല്യ ആളാകും. അന്നിത് നീ എടുത്തു നോക്കുമ്പോ ഞാന്‍ പറഞ്ഞത് ഓര്‍ക്കണം. ” വര്‍ഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു. കുറച്ചു വര്‍ഷം മുന്‍പ് മുത്തച്ഛനും പോയി. ഇപ്പോഴും ആ നഷ്ടം സങ്കടപ്പെടുത്താറുണ്ട്.” വനിതയുമായുള്ള അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.