ഉമാ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ

കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ ഒന്ന് കാണാനോ, ആ സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് പ്രതികരിക്കാനോ പോലും ദിവ്യ ഉണ്ണിക്ക് മനസുണ്ടായില്ല എന്നാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം.

മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി എന്നും ഗായത്രി വര്‍ഷ പ്രതികരിച്ചു.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം. അതേസമയം, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പൊലീസ് മൊഴിയെടുക്കാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടി അമേരിക്കയിലേക്ക് തിരിച്ചത്. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.

നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപയാണ്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പൊലീസിന് ലഭിച്ചത്. കൂടുതല്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാറിന് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

മറ്റ് പ്രതികളായ ഷമീര്‍ അബ്ദുല്‍ റഹീം, ബെന്നി, കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് ജാമ്യം നീട്ടി നല്‍കി. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയില്‍ ഉത്തരവ് ഉണ്ടാകും. സംഘാടകര്‍ക്കെതിരെ നൃത്തത്തില്‍ പങ്കെടുത്ത നര്‍ത്തകരും രംഗത്തെത്തിയിരുന്നു. രജിസ്‌ട്രേഷനും വസ്ത്രത്തിനുമായി പല തുകകള്‍ വാങ്ങി എന്നാണ് പലരുടെയും പരാതി.