പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ 'കേരള സ്‌റ്റോറി' നമ്പര്‍ വണ്‍, ഒരിടത്തും കേരളത്തെ മോശമായി കാണിച്ചിട്ടില്ല: അദാ ശര്‍മ്മ

ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ‘ദ കേരള സ്റ്റോറി’ നമ്പര്‍ വണ്‍ ആയി മാറിയെന്ന് ചിത്രത്തിലെ നായിക അദാ ശര്‍മ്മ. സിനിമയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് നടിയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ സംസാരിച്ചത്.

ഇന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം കണ്ടത് ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ‘ദ കേരള സ്റ്റോറി’ നമ്പര്‍ 1 ആയിരിക്കുന്നു എന്നതാണ്. അതുമായി ബന്ധപ്പെട്ട പോസിറ്റീവായ സന്ദേശങ്ങളാണ് കണ്ടത്. ആ സന്ദേശങ്ങളില്‍ വലിയൊരു പങ്കും കേരളത്തില്‍ നിന്നുള്ളവരായിരുന്നു.

ട്രെയ്‌ലര്‍ കണ്ടതിന് ശേഷം ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ചിലര്‍ പറയുന്നത്. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കാനാണ് എന്നെ പഠിപ്പിച്ചത്. അതുകൊണ്ട് ഈ ആളുകള്‍ സമയമെടുത്ത് 2 മണിക്കൂര്‍ സിനിമ കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒരിടത്ത് പോലും നമ്മള്‍ കേരളത്തെ മോശമായി കാണിച്ചിട്ടില്ലെന്ന് അവര്‍ക്ക് മനസിലാകും. കേരളത്തെ കുറിച്ച് ഒരിടത്തും അപകീര്‍ത്തികരമായി ഒന്നും ചിത്രത്തില്‍ പറഞ്ഞിട്ടില്ല. ചിന്തയ്ക്കും സംസാരത്തിനും സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്.

കേരള സ്റ്റോറി എന്നത് തിരഞ്ഞെടുപ്പിനെയോ രാഷ്ട്രീയത്തെയോ മതത്തെയോ കുറിച്ചോ അല്ല പറയുന്നത്. അത് തീവ്രവാദത്തിന് എതിരെയാണ്. ഒപ്പം മനുഷ്യത്വത്തിനൊപ്പവും എന്നാണ് അദാ ശര്‍മ്മ പറയുന്നത്. അതേസമയം, സെന്‍സര്‍ ബോര്‍ഡ് പത്ത് മാറ്റങ്ങള്‍ ചിത്രത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 5ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.