സര്‍ക്കാര്‍ എവിടെ പോയി? പൊലീസുകാര്‍ പോയത് ഒരു പ്രമുഖയെ രക്ഷിക്കാന്‍, സാധാരണക്കാരെ രക്ഷിക്കാന്‍ പോയ എന്റെ വാഹനം തടഞ്ഞു; വിമര്‍ശനവുമായി അദിതി ബാലന്‍

ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടി അദിതി ബാലന്‍. ഇതുപോലൊരു അവസ്ഥയില്‍ ജനങ്ങളെ രക്ഷിക്കേണ്ട സര്‍ക്കാര്‍ എവിടെ പോയെന്ന് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദിതി ചോദിക്കുന്നു. തിരുവാണ്‍മിയൂരിലെ രാധാകൃഷ്ണനഗറിലെ ദുരിതം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാരിനെതിരെ അദിതി ബാലന്‍ രംഗത്തെത്തിയത്.

സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള വെള്ളംകൂടി ഇവിടേക്ക് കുതിച്ചെത്തിയെന്നും മൃഗങ്ങളുടെ ജഡങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടുവെന്നും അദിതി പറഞ്ഞു. രണ്ട് കുട്ടികളേയും പ്രായമായ ഒരു സ്ത്രീയേയും രക്ഷപ്പെടുത്താന്‍ ഈ വെള്ളക്കെട്ടിലൂടെ നടക്കേണ്ടി വന്നെന്നും നടി വ്യക്തമാക്കി.

ആറ് പൊലീസുകാരുമായി ഒരു ബോട്ട് കോട്ടൂര്‍പുരത്തെ റിവര്‍ വ്യൂ റോഡിലേക്ക് ഒരു പ്രമുഖ വനിതയെ രക്ഷപ്പെടുത്താന്‍ പോകുന്നത് കണ്ടു. വെള്ളക്കെട്ടിലൂടെ ബുദ്ധിമുട്ടി നടന്നു വരികയായിരുന്ന ഒരു കുടുംബത്തെ കയറ്റാനായി കാത്തുനില്‍ക്കവേ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് കടന്നുപോകാന്‍ എന്റെ കാര്‍ മാറ്റിനിര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും അദിതി ബാലന്‍ കുറ്റപ്പെടുത്തി.

ചെന്നൈ കോര്‍പ്പറേഷന്‍, ചെന്നൈ പോലീസ്, ഉദയനിധി സ്റ്റാലിന്‍, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ എന്നിവരെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അദിതി കുറിപ്പ് പോസ്റ്റ് ചെയ്തത്. കനത്ത മഴ ശമിച്ചെങ്കിലും ചെന്നൈ നഗരവാസികളുടെ ദുരിതം നീങ്ങിയിട്ടില്ല. നഗരത്തിന്റെ മിക്ക ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിന്റെ പിടിയിലാണ്.

അതേസമയം, പ്രളയത്തില്‍ കുടുങ്ങിയ ആമിര്‍ ഖാന്‍, വിഷ്ണു വിശാല്‍, കനിഹ എന്നിവരെ കഴിഞ്ഞ ദിവസം റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തിയിരുന്നു. വിഷ്ണു വിശാലിന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ചെന്നൈയില്‍ എത്തിയിരുന്നത്.