പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പലതും അനുഭവിക്കേണ്ടി വന്നു, ഇത് സിനിമയാക്കും: ഐഷ സുല്‍ത്താന

ലക്ഷദ്വീപ് വിഷയത്തില്‍ താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ സിനിമയാക്കുമെന്ന് സംവിധായിക ഐഷ സുല്‍ത്താന. സിനിമയാകുമ്പോള്‍ തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ചും താന്‍ സഞ്ചരിച്ച വഴികളെ കുറിച്ചും ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തത ലഭിക്കുമെന്നും ഐഷ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

താന്‍ ഇപ്പോള്‍ അനുഭവിച്ച പ്രശ്നങ്ങള്‍ സിനിമയാക്കിയാല്‍ കൊള്ളാമെന്നുണ്ട്. ഉടന്‍ തന്നെ അത് സിനിമയാക്കും. എന്തൊക്കെയാണ് താന്‍ ഫേസ് ചെയ്തത്, സഞ്ചരിച്ച വഴികള്‍. എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെട്ടത് എന്നുള്ളതിനെ കുറിച്ച് ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തതയുണ്ടാവും.

സിനിമയില്‍ അത് ഓരോ സീന്‍ ബൈ സീനായി കൊണ്ട് വരാന്‍ സാധിക്കും എന്ന് ഐഷ പറയുന്നു. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഐഷക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

Read more

ഈ കേസ് സംബന്ധിച്ച് നടന്ന പൊലീസ് ചോദ്യം ചെയ്യല്‍ സമയത്ത് തനിക്ക് പലതും അനുഭവിക്കേണ്ടതായി വന്നു. അതെല്ലാം സിനിമയിലൂടെ പറയാന്‍ ആഗ്രഹിക്കുന്നു. തന്റെ മനസിലുള്ള കഥയായതിനാല്‍ ഉടന്‍ തന്നെ തിരക്കഥ ഒരുക്കുമെന്നും താരം വ്യക്തമാക്കി.