അഭിനയിച്ച സിനിമയുടെ പ്രതിഫലം കിട്ടാത്തതിനാല്‍ അജു വര്‍ഗീസ് ചെയ്ത പ്രതികാര കഥ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍. രസകരമായ അനുഭവമാണ് ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞിരിക്കുന്നത്. പ്രൊഡ്യൂസര്‍ ബാക്കി പണം തന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തോടാണ് ധ്യാന്‍ പ്രതികരിച്ചത്.
അഭിനയിച്ചതിന്റെ ബാലന്‍സ് പണം കിട്ടാതിരുന്നപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വിഗ്ഗുമായി അജു വര്‍ഗീസ് ഓടി എന്നാണ് ധ്യാന്‍ പറഞ്ഞത്. ”സിനിമ ചെയ്ത് കഴിഞ്ഞ് പ്രൊഡ്യൂസര്‍ ബാക്കി പണം തന്നില്ലെങ്കില്‍ എന്റെ സുഹൃത്തായ നടന്‍ ചെയ്തതു പോലെയാണ് ഞാന്‍ ചെയ്യുക. എന്റെ സുഹൃത്ത് ഒരു സിനിമ ചെയ്ത ശേഷം ബാക്കി പൈസയ്ക്കായി പല തവണ നിര്‍മ്മാതാവിനേയും പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും നിരന്തരം വിളിച്ചു കൊണ്ടിരുന്നു.”
”പക്ഷെ അവര്‍ ഇന്ന് തരാം നാളെ തരാമെന്ന് പറയുന്നത് അല്ലാതെ കൊടുക്കുന്നില്ല. നിര്‍മ്മാതാവ് അവിടെ ഇല്ല പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് മൊത്തം പടം നിയന്ത്രിക്കുന്നത്. കണ്‍ട്രോളര്‍ ഒരു വിഗ്ഗ് വെച്ചിരുന്നു. ഒരു ദിവസം എന്റെ സുഹൃത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കുളിക്കാന്‍ കയറിയപ്പോള്‍ അയാള്‍ നിന്തരമായി ഉപയോഗിക്കാറുള്ള വിഗ്ഗ് റൂമില്‍ നിന്നും അടിച്ച് മാറ്റി.”
”അതുമായി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, പൈസ തരാതെ വിഗ്ഗ് താന്‍ തിരിച്ച് കൊടുക്കാന്‍ പോകുന്നില്ലെന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ തല കഷണ്ടിയാണ്. എവിടെ പോകണമെങ്കിലും അയാള്‍ വിഗ്ഗ് ഉപയോഗിക്കും. പിന്നെ ഞാന്‍ കാണുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിഗ്ഗ് തിരിച്ച് വാങ്ങാനായി എന്റെ സുഹൃത്തായ നടന് പിന്നാലെ ഹോട്ടല്‍ കോറിഡോറിലൂടെ ഓടുന്നത്.”
”ഒരു ടവ്വല്‍ മാത്രമെ എന്റെ സുഹൃത്ത് ഉടുത്തിട്ടുള്ളു. ടവ്വല്‍ പറിഞ്ഞ് പോയിട്ടും വിഗ്ഗ് സംരക്ഷിക്കാന്‍ വേണ്ടി അവന്‍ ഓടുകയാണ്. ഇത് ശരിക്കും നടന്നതാണ്. കണ്‍ട്രോളറുടെ വിഗ്ഗുമായി ഓടിയ എന്റെ ആ സുഹൃത്ത് അജു വര്‍ഗീസാണ്” എന്നാണ് ധ്യാന്‍ പറഞ്ഞത്. വെബ് സീരിസിലെ നായകനായ നീരജ് മാധവും സംവിധായകന്‍ വിഷ്ണുവും ഈ അഭിമുഖത്തിന്റെ ഭാഗമായിരുന്നു.