നേരം, പ്രേമം എന്നീ രണ്ട് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകനാണ് അൽഫോൺസ് പുത്രൻ. ആദ്യത്തെ രണ്ട് സിനിമകൾ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയെങ്കിലും മൂന്നാമത്തെ ചിത്രം ‘ഗോൾഡ്’ തിയേറ്ററുകളിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
ഗോൾഡ് റിലീസിന് ശേഷം ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ താൻ സിനിമ സംവിധാനം നിർത്തുകയാണെന്ന് കുറച്ച് ദിവസങ്ങൾക്ക് മുന്നെ അൽഫോൺസ് പോസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ പ്രേക്ഷകർ കണ്ട ഗോൾഡ് എന്ന സിനിമ തന്റെ സിനിമയല്ലെന്ന് പറഞ്ഞിരിക്കുകയാണ് അൽഫോൺസ് പുത്രൻ. തിരക്കഥയിൽ ഉള്ളത് പോലെയുള്ളഉപകരണങ്ങളും സൗകര്യങ്ങളും ആയിരുന്നില്ല തനിക്ക് ഗോൾഡിന് വേണ്ടി കിട്ടിയത് എന്നും അൽഫോൺസ് പറയുന്നു. പ്രേമം ഡിലീറ്റഡ് സീൻ എപ്പോഴാണ് റിലീസ് ചെയ്യുന്നത് എന്ന ആരാധകന്റെ കമന്റിന് മറുപടി കൊടുക്കവെയാണ് അൽഫോൺസ് ഗോൾഡിനെ പറ്റി പരാമർശിച്ചത്.
“ഞാനത് ഡിലീറ്റ് ചെയ്തു. കാരണം ഞാൻ എഴുതിയ ജോർജ് എന്ന കഥാപാത്രത്തോട് ആ രംഗങ്ങളൊന്നും യോജിക്കുന്നില്ല. തിരക്കഥയിൽ ജോർജ് അനുയോജ്യമല്ലെങ്കിൽ മലരും അനുയോജ്യമല്ല. അതിനാൽ ഇതിനി എന്നോട് ചോദിക്കരുത്. കാരണം ഞാൻ തിരക്കഥയെ ബഹുമാനിക്കുന്നു
പിന്നെ നിങ്ങൾ കണ്ട ഗോൾഡ് എന്റെ ഗോൾഡല്ല. കൊവിഡിന്റെ സമയത്ത് ചെയ്ത ലിസ്റ്റിൻ സ്റ്റീഫന്റേയും പൃഥ്വിരാജിന്റെയും സംരഭത്തിലേക്ക് എന്റെ ലോഗോ ഞാൻ ചേർത്തതാണ്. കൈതപ്രം സാർ എഴുതി വിജയ് യേശുദാസും ശ്വേത മോഹനും പാടിയ പാട്ട് എനിക്ക് ഷൂട്ട് ചെയ്യാനായില്ല. എനിക്ക് ആ പാട്ട് വളരെ ഇഷ്ടമായിരുന്നു. ആ പാട്ടിന്റെ ഷൂട്ടിനായി എന്റെ സിനിമയിലെ എല്ലാ താരങ്ങളോടും രണ്ട് ദിവസത്തെ ഡേറ്റ് ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് സംഭവിച്ചില്ല.
View this post on Instagram
Read more
അതുപോലെ പല ഉപകരണങ്ങളും സൗകര്യങ്ങളും തിരക്കഥയിലുണ്ടായിരുന്നത് പോലെയായിരുന്നില്ല. ക്രോണിക് പാൻക്രിയാറ്റിസ് ബാധിച്ചത് മുതൽ ഞാൻ മെഡിറ്റേഷനിലായിരുന്നു. തിരക്കഥയും സംവിധാനവും കളറിങ്ങും എഡിറ്റിങ്ങും മാത്രമേ എനിക്ക് ചെയ്യാൻ സാധിച്ചുള്ളൂ. അതുകൊണ്ട് ഗോൾഡ് മറന്നേക്കൂ” എന്നാണ് ആരാധകന്റെ കമന്റിന് മറുപടിയായി അൽഫോൺസ് പുത്രൻ പറഞ്ഞത്.