'ഷൂട്ട് കഴിഞ്ഞെങ്കില്‍ ആ ലുങ്കി തിരികെ തന്നേക്കണമെന്ന് പെപ്പെ; ഷിനു ജോണിന്റെ മറുപടി

ആന്റണി വര്‍ഗീസിന്റെയും ജിസ് ജോയിയുടെയും ഒരു സ്പൂഫ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആന്റണി വര്‍ഗീസ് പെപ്പെയോട് കഥ പറയാനെത്തുന്ന ജിസ് ജോയിയെയാണ് ഈ സ്പൂഫ് വീഡിയോയില്‍ കാണിക്കുന്നത്.

സമാധാന പ്രിയനായ ശാന്തശീലന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ജിസ് ജോയിയായി എത്തിയയാള്‍ പെപ്പെയായി അഭിനയിക്കുന്ന യുവാവിനോട് പറയുന്നത്. ജിസ് ജോയ് സിനിമകളില്‍ സാധാരണ കണ്ടുവരാറുള്ള ഫീല്‍ ഗുഡ് മാറ്റി വയലന്‍സ് സ്ഥാപിക്കാനാണ് പെപ്പെയുടെ ശ്രമം.

ഒടുവില്‍ പെപ്പെയെ ജിസ് ജോയ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയാണ്. അവസാനം അസംതൃപ്തനായ പെപ്പെ അഭിനയിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കഥ കേള്‍ക്കുന്ന സമയത്തും അഭിനയിക്കുമ്പോഴുമെല്ലാം പെപ്പെയുടെ തോളില്‍ ഒരു മുണ്ടും കിടക്കുന്നുണ്ട്.

ഷിനു ജോണ്‍ ചാക്കോ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. എന്നാലിപ്പോള്‍ വീഡിയോയ്ക്ക് കമന്റുമായി വന്നിരിക്കുകയാണ് ആന്റണി വര്‍ഗീസ്. ‘ഷൂട്ട് കഴിഞ്ഞെങ്കില്‍ ആ ലുങ്കി തിരികെ തന്നേക്കണം…അടുത്ത പടത്തിന്റെ കോസ്റ്റും ആക്കാന്‍ ഉള്ളതാ,’ എന്നാണ് ആന്റണി കമന്റ് ചെയ്തത്.

ഇതിനു മറുപടിയായി എനിക്ക് തൃപ്തിയായെന്ന് ഷിനു ജോണും മറുപടി നല്‍കി.

Read more