ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ നടന്ന ക്രൂരമായ റാഗിങ്ങിന് പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടി അനുമോള്‍. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ല. ഒരു കുട്ടി വേദന പേറുന്ന ഏതുതരം ലോകമാണ് നാം കെട്ടിപ്പടുക്കുന്നത്? നമ്മള്‍ എപ്പോഴാണ് പഠിക്കുക എന്നാണ് അനുമോള്‍ ചോദിക്കുന്നത്.
”സോറി മോനേ… ഞങ്ങള്‍ നിന്നെ പരാജയപ്പെടുത്തി. നിന്നെ കൂടുതല്‍ ചേര്‍ത്തു പിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കേണ്ടതായിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോള്‍, ഞങ്ങള്‍ക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ഒരു കുട്ടി വേദന പേറുന്ന ഏതുതരം ലോകമാണ് നാം കെട്ടിപ്പടുക്കുന്നത്? മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍ ജീവിതത്തേക്കാള്‍ ഭാരമേറിയതാകുന്നത് എവിടെയാണ്?”
”ഇത് മറ്റൊരു വാര്‍ത്തയല്ല. ക്രൂരതയ്ക്ക്, നിശബ്ദതയ്ക്ക്, അത് ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ കാണാന്‍ ഇപ്പോഴും വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് നഷ്ടപ്പെട്ട ഒരു ജീവിതമാണിത്. നീ ഒരിക്കലും ഒറ്റയ്ക്കല്ല. നീ എല്ലാവരാലും സ്‌നേഹിക്കപ്പെടുന്നുണ്ട്. കാത്തിരിക്കൂ. ബാക്കിയുള്ളവരോട്, നമ്മള്‍ എപ്പോഴാണ് പഠിക്കുക? എപ്പോഴാണ് നമ്മള്‍ മുഖംതിരിക്കുന്നത് നിര്‍ത്തുക?”
View this post on Instagram
”ക്രൂരതയ്ക്ക് പകരം ദയ അറിയുന്ന കുട്ടികളെ നമ്മള്‍ എപ്പോഴാണ് വളര്‍ത്താന്‍ തുടങ്ങുന്നത്? മോനെ, വിശ്രമിക്കൂ” എന്നാണ് അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നത്. അതേസമയം, നിരന്തരം നിരവധി പീഡനങ്ങള്‍ സ്‌കൂളില്‍ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് 15കാരന്‍ ജീവനൊടുക്കിയതെന്നാണ് അമ്മയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്.
ജനുവരി 15ന് ആയിരുന്നു കുട്ടി ഫ്ളാറ്റിന്റെ 26ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. മിഹിറിന്റെ സഹപാഠികള്‍ മാതാവിന് അയച്ചു നല്‍കിയ ചാറ്റുകളിലാണ് മകന്‍ നേരിട്ട ക്രൂര പീഡനം വിവരിച്ചത്. എന്നാല്‍ റാഗിങ്ങിനെതിരെ ഇതുവരെ കുടുംബം പരാതി ഉന്നയിച്ചിട്ടില്ല എന്നാണ് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ മാനേജ്മെന്റ് അറിയിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.