സൂപ്പര്‍സ്റ്റാര്‍ഡത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, പക്ഷെ.. വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ പറഞ്ഞാല്‍ ബോളിവുഡ് താരങ്ങള്‍ ജിമ്മില്‍ പോയിട്ടുണ്ട് എന്നാണ് പറയുക: അനുരാഗ് കശ്യപ്

സമീപകാലത്തായി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ നേടുന്ന താരമാണ് മമ്മൂട്ടി. വേഷപ്പകര്‍ച്ച കൊണ്ട് ഈ 72-ാം വയസിലും താരം പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മമ്മൂട്ടിയെ കുറിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടിയുമായി ബോളിവുഡ് താരങ്ങളെ താരതമ്യപ്പെടുത്തി കൊണ്ടാണ് സംവിധായകന്റെ അഭിപ്രായം.

”ഞാന്‍ സൂപ്പര്‍സ്റ്റാര്‍ഡം എന്ന ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടി തന്റെ കരിയറിലെ ഈ ഘട്ടത്തില്‍ വളരെയധികം അവസരങ്ങള്‍ എടുക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തില്‍ ഭൂതമായി എത്തുന്നു, പിന്നെ കാതല്‍: ദി കോര്‍ ചിത്രത്തില്‍ സ്‌കോര്‍ ചെയ്തു.”

”അദ്ദേഹം നിരന്തരം അവസരങ്ങള്‍ ഉപയോഗിക്കുന്നു. അദ്ദേഹം സംവിധായകരെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. ഇവിടെ സംഭവിക്കുന്നത്, നിങ്ങള്‍ ഒരു താരത്തെ സമീപിച്ചാല്‍, നിങ്ങളുടെ കയ്യില്‍ ഒരു ഹിറ്റ് ഉണ്ടോ എന്നാണ് അവര്‍ക്ക് ആദ്യം അറിയേണ്ടത്. അവര്‍ക്ക് ആ ഉറപ്പ് വേണം. അതിനാല്‍, നിങ്ങള്‍ തിരക്കുകൂട്ടണം.”

”ബോളിവുഡ് താരങ്ങള്‍ നിങ്ങള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പ്രോജക്റ്റ് പരിഗണിക്കുന്നില്ല, മറിച്ച് നിങ്ങളുടെ അവസാന ചിത്രം ബോക്സ് ഓഫീസില്‍ ഹിറ്റായിരുന്നോ അല്ലയോ എന്നാണ് അവര്‍ പരിശോധിക്കുക. അതുകൊണ്ടുതന്നെ, ഹിന്ദിയും ദക്ഷിണേന്ത്യയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.”

”അവിടെ, നിങ്ങള്‍ ഒരു നല്ല സിനിമ ചെയ്തിട്ടുണ്ടെങ്കില്‍, അത് ഒരു ചെറിയ സിനിമയാണെങ്കില്‍ പോലും, ഒരു നടന്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ബോളിവുഡില്‍, അഭിനേതാക്കളോട് തിയേറ്റര്‍ വര്‍ക്ക്ഷോപ്പുകളില്‍ ചേരാന്‍ ഞാന്‍ പലപ്പോഴും ഉപദേശിക്കാറണ്ട്. എന്നാല്‍ അതിന് പകരം ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറയുക” എന്നാണ് ഹ്യൂമന്‍സ് ഓഫ് സിനിമ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറയുന്നത്.