കരിയറിലുടനീളം മികച്ച വേഷങ്ങൾ ചെയ്ത താരമാണ് വിദ്യ ബാലൻ. ബോളിവുഡിന് പുറമെ മലയാളത്തിലും താരം മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാർത്തിക് ആര്യൻ തൃപ്തി ദിമ്രി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ രാജ്യത്തിന്റെ സാമൂഹികാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലൻ. ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയ്ക്ക് മതപരമായ ഒരു ഐഡന്റിറ്റി ഇല്ലായിരുന്നുവെന്നും എന്നാൽ ഇന്ന് ഇന്ത്യ കൂടുതൽ മതപരമായി ധ്രുവീകരിക്കപ്പെടുവെന്നും വിദ്യ ബാലൻ പറയുന്നു.
“നമ്മള്‍ തീർച്ചയായും കൂടുതൽ ധ്രുവീകരിക്കപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് മുമ്പ് മതപരമായ ഒരു ഐഡന്‍റിറ്റി ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ എന്തുകൊണ്ടെന്ന് എനിക്കറിയില്ല. ഇത് രാഷ്ട്രീയം മാത്രമല്ല, സോഷ്യൽ മീഡിയയ്ക്കും പങ്കുണ്ട് നാമെല്ലാവരും ഈ ലോകത്ത് നഷ്ടപ്പെട്ട് ഒരു ഐഡൻന്‍റിറ്റി തിരയുകയാണ്, അത് നമുക്കില്ലെന്ന് കരുതുന്നു. ഓർഗാനിക് ആയി ഇല്ലാത്ത കാര്യം സ്വയം എടുത്തിടാന്‍ ശ്രമിക്കുകയാണ്.
എല്ലാം മാറിയിട്ടുണ്ട് മതത്തിന്‍റെ കാര്യത്തിലായാലും വോക്കായാലും ആളുകൾ പറയുന്നത്, ‘ഇതാണ് ഞാൻ’ എന്നാണ്. എന്നാൽ നിങ്ങൾ ആരാണെന്ന് നിങ്ങൾക്കറിയില്ല അതിനാലാണ് നിങ്ങൾ ഈ കാര്യങ്ങൾ അന്വേഷിക്കാൻ പോകുന്നത്. നമുക്കെല്ലാവർക്കും സ്വന്തമെന്ന ബോധം ആവശ്യമാണ്.
ഈ ലോകത്ത്, സോഷ്യൽ മീഡിയയുടെ വ്യാപനത്തോടെ. നമ്മൾ എന്നത്തേക്കാളും ഏകാന്തത അനുഭവിക്കുന്നു. വളരെ ഉപരിപ്ലവമായ തലത്തിൽ, ഞങ്ങൾ ആശയങ്ങളോടും സങ്കൽപ്പങ്ങളോടും സൗകര്യപൂർവ്വം നമ്മെത്തന്നെ ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. രാജ്യം മാത്രമല്ല ലോകം ഇന്ന് ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു.” എന്നാണ് അണ്‍ഫില്‍ട്ടേര്‍ഡ് എന്ന അഭിമുഖത്തിനിടെ വിദ്യ ബാലൻ പറഞ്ഞത്.