'ഷെയ്ന്‍ പ്രശ്‌നം' കൈകാര്യം ചെയ്തത് ലാഘവത്തോടെ, നിര്‍മ്മാതാവിന്റെ വധഭീഷണി ഗൗരവമുള്ളത്: ആഷിഖ് അബു

ഷെയ്ന്‍ നിഗമിന്റെ പ്രശ്‌നം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സംവിധായകന്‍ ആഷിക് അബു. ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയത് ശരിയായ നടപടിയല്ലെന്നും ഒരു നിര്‍മാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണമെന്നും ആഷിഖ് അബു പറഞ്ഞു.

സെറ്റുകളിലെ പൊലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായും ആഷിഖ് അബു. സിനിമയില്‍ എല്ലാം സുതാര്യം ആകണം എന്നാണ് അഭിപ്രായം. കുറച്ചു പേര്‍ ചേര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. സിനിമ എന്നത് ഒരാളുടെ മാത്രമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലമാണെന്നും ആഷിഖ് അബു മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സംഘടനകളുും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വാസമെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.

ഷെയ്ന്‍ ഡല്‍ഹിയിലാണ് ഇപ്പോള്‍ ഉള്ളത്. അവിടെ എത്തി ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഷെയ്ന്‍ ഹിമാചല്‍ പോലുളള പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് വിവരം. ഷെയ്ന്‍ നിഗം മടങ്ങി എത്തിയ ശേഷം സമവായ ചര്‍ച്ചയിലൂടെ “അമ്മ” വിഷയത്തില്‍ പരിഹാരം കാണുമെന്നാണ് അറിയുന്നത്.