വേദന കൊണ്ട് ഞാന്‍ വീണുപോയി, നാല് മാസം കൊണ്ട് മോനെ ഞാന്‍ നടത്തിക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി: ആസിഫ് അലി

സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് പറഞ്ഞ് നടന്‍ ആസിഫ് അലി. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്താണ് അപകടം ന
ടന്നത്. താന്‍ ഇത്രയേറെ വിഷമിച്ച മറ്റൊരു സമയമുണ്ടായിട്ടില്ല എന്നാണ് നടന്‍ പറയുന്നത്. രോഹിത് സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ആയിരുന്നു നടന്‍ അപകടം സംഭവിച്ചത്.

ഞാന്‍ വ്യക്തിപരമായി ഇത്ര വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ല. എന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തായിരുന്നു ഇങ്ങനെ ഒരു അപകടമെങ്കില്‍ ഞാന്‍ ഇതൊരു അവധി സമയമായിട്ട് കണക്കാക്കിയേനെ. എന്നാല്‍, ഏറ്റവും മോശം സമയത്താണ് അത് സംഭവിച്ചത്. വലിയ ആവേശത്തോടെ ഷൂട്ട് ചെയ്യുമ്പോഴാണ് ഇങ്ങനെ ഒരു അപകടമുണ്ടായത്. വേദനകൊണ്ട് ഞാന്‍ വീണുപോയി.

ഡോക്ടറാണ് അടുത്ത് വന്ന് പ്രശ്നമെന്താണെന്ന് പറയുന്നത്. എപ്പോള്‍ ഷൂട്ടിന് പോവാന്‍ കഴിയുമെന്ന് ഡോക്ടറോട് ചോദിച്ചു. ഇന്നോ നാളെയോ പറ്റുമോ എന്ന പ്രതീക്ഷയിലാണ് ഇത് ചോദിച്ചത്. എന്നാല്‍, നാല് മാസം കൊണ്ട് മോനെ ഞാന്‍ നടത്തിക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. ആറ് മാസത്തിന് ശേഷം ഷൂട്ടിന് പോവാമെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് തന്നെയാണ് ഫുട്ബള്‍ താരം നെയ്മറിന്റെ കാലിനും പരിക്കേറ്റത്. ഇവര്‍ക്കും ഇതേ വേദനയുണ്ട്. അതിനെ അതിജീവിച്ച് അദ്ദേഹം ഫുട്‌ബോള്‍ ഗ്രൗണ്ടിലെത്തുന്നതായിരുന്നു എന്റെ പ്രചോദനം. ഞാനും ലഭിക്കാവുന്നതില്‍ ഏറ്റവും നല്ല ചികിത്സ നേടി. ഇപ്പോള്‍ ശാരീരികമായി പ്രശ്‌നങ്ങളില്ലെങ്കിലും മാനസികമായി ഒരു പേടിയുണ്ട്.

ആ വേദന ഇപ്പോള്‍ വരുമെന്ന് ചെറിയ പേടിയുണ്ട്. അതുകൂടെ തരണംചെയ്ത് ജീത്തു സാറിന്റെ ഷൂട്ട് കഴിഞ്ഞാല്‍ ഉടനെ ഞാന്‍ ടിക്കി ടാക്ക ജോയിന്‍ ചെയ്യും. അത് ഞാന്‍ അടിക്കും. അത് എന്റെ വാശിയാണ് എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറയുന്നത്.