ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 'മൂസ': പ്രേക്ഷക പ്രതികരണം

പാപ്പൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് ഒരുക്കിയ ചിത്രം ‘മേ ഹൂം മൂസ ഇന്നാണ് തിയേറ്ററുകളിലേയ്ക്ക് എത്തിയത്. ആദ്യ പ്രദർശനത്തിന് ശേഷം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരമാണമാണ് ലഭിക്കുന്നത്. ഇന്നുവരെ കണ്ടതിൽ നിന്ന് സുരേഷ് ​ഗോപിയെ വ്യത്യസ്തമായി കണ്ടെന്നാണ് സിനിമ കണ്ടിറങ്ങുന്ന ആരാധകരിൽ ഏറെയും വ്യക്തമാക്കുന്നത്. നാടും വീടും ഒരുപോലെ മരിച്ചുവെന്നു കരുതിയ ജവാൻ 19 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ തടവിൽ നിന്നും മോചിതനായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതാണ് ‘മേ ഹൂം മൂസ’ എന്ന സിനിമയുടെ പ്രധാന പ്രമേയം.

പാകിസ്ഥാൻ തടവിൽ നിന്നും നാട്ടിലെത്തിയശേഷം താനാണ് മൂസ എന്ന് തെളിയിക്കാൻ ശ്രമിക്കുന്ന മൂസയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രം ഒരേ സമയം ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിൽ ലാൻസ് നായിക് മൂസ എന്നാണ് സുരേഷ് ​ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. തികച്ചും നല്ലൊരു ഫാമിലി എന്റർടൈൻമെന്റ് സിനിമയാണ് മേ ഹൂം മൂസ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ലളിതമായ സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു അത് ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലോ അല്ലെങ്കിൽ മികച്ച മെഗാ വിജയങ്ങളാക്കി മാറ്റാൻ ഒരു മികച്ച സംവിധായകനെ കൊണ്ട് മാത്രമേ കഴിയൂ അത്തരത്തിൽ ഉള്ള ഒരു സംവിധായകന്റെ നല്ലൊരു സിനിമ കൂടി ഇന്ന് പുറത്തിറങ്ങിയെന്നാണ് ഒരു ആരാധകൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ‘മേ ഹൂം മൂസ കണ്ട ഏതൊരാൾക്കും നല്ലൊരു ചിത്രം കണ്ട ഒരു സുഖവുമായി തീയേറ്റർ വിട്ടിറങ്ങാം.

“പാപ്പൻ” എന്ന ഒരു ഹിറ്റ്‌ ചിത്രത്തിന് ശേഷം സുരേഷ് ​ഗോപിക്ക് നല്ലൊരു കഥാപാത്രം കൊടുക്കാനും ആ കഥാപാത്രത്തെ ഉൾക്കൊണ്ട്‌ വ്യത്യസ്തമായ ഒരു അഭിനയശൈലി കാഴ്ച്ച വെക്കാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നത് എടുത്ത് പറയാവുന്ന കാര്യമാണ്. അത് നല്ല രീതിയിൽ ജനങ്ങൾക്ക് മുന്നിലവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകന്റെ മിടുക്ക് തന്നെയാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കോർത്തിണക്കിയാണ് ജിബുവും സംഘവും ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ മനോഹരമായൊരു ദൃശ്യവിരുന്ന് മേ ഹൂം മൂസയിൽ കാണാം. ടൈറ്റിൽ സോങ്ങിനിടെ സ്ക്രീനിൽ മിന്നി മറയുന്ന വിഷ്വലുകൾ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയുള്ള ഒരു മിനിടൂറാണ്. കാർഗിൽ, വാഗാ ബോർഡർ രംഗങ്ങളൊക്കെ വലിയൊരു ക്യാൻവാസാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരുക്കുന്നത്. ഛായാഗ്രാഹകനായ ശ്രീജിത്ത് പകർത്തിയ ചിത്രങ്ങൾ കാഴ്ചയെ സമ്പന്നമാക്കുന്നുണ്ട്. ചിത്രം റീലിസിനെത്തുന്നതിന് മുൻപേ പുറത്ത് വന്ന ഡയലോ​ഗുകളും ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

19 വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചു വന്ന മൂസ, ചായക്കടയിലെ ടിവിയിൽ ബസ് ആക്ടർ സിനിമ കാണുമ്പോൾ ഇതു നമ്മൂടെ പഴയ മമ്മൂട്ടിയല്ലേ ? എന്ന് ചോദിക്കുന്നുണ്ട് അപ്പോൾ കടയുടമ, ഇവിടെ പഴയതെന്നോ പുതിയതെന്നോ ഒന്നുമില്ല, ഒരേയൊരു മമ്മൂട്ടി മാത്രം. ഇവിടെ പ്രായമാകാത്ത മൂന്ന് സാധനങ്ങളെയുള്ളൂ, ഒന്ന് നമ്മുടെ മമ്മൂട്ടിയും പിന്നെ ബോബനും മോളിയും.

Read more

രൂപേഷ് റെയ്ൻ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പുനം ബജ്വാ ആണ് ചിത്രത്തിൽ നായികായെത്തിയിരിക്കുന്നത്. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.