ടൊവിനോയ്‌ക്കൊപ്പം അഭിനയിച്ചാല്‍ നാല് കിലോ കുറയും: ബേസില്‍ ജോസഫ്

സിനിമയ്ക്കപ്പുറവും അടുത്ത സുഹൃത്തുക്കളാണ് ബേസില്‍ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘അജയന്റെ രണ്ടാം മോഷണം’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ടൊവിനോയെ കുറിച്ച് ബേസില്‍ പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ടൊവിനോയ്‌ക്കൊപ്പം സിനിമ ചെയ്താല്‍ നാല് കിലോ കുറയും എന്നാണ് ബേസില്‍ പറയുന്നത്.

ടൊവിനോയുടെ കൂടെ ഒന്നിച്ച് അഭിനയിക്കാന്‍ രസമാണ്. ഷൂട്ടിന്റെ സമയത്ത് തമാശയൊക്കെ പറഞ്ഞ്, വളിപ്പടിച്ച് അങ്ങനെ. ഷൂട്ട് കഴിഞ്ഞാലും വര്‍ക്കൗട്ട്, ഡയറ്റ് ഒക്കെയായി രസമാണ്. ടൊവിനോയുടെ കൂടെ അഭിനയിച്ച് കഴിഞ്ഞാല്‍ നാല് കിലോ കുറഞ്ഞിട്ട് വരാം.

സിനിമകള്‍ക്ക് വേണ്ടി വലിയ രീതിയില്‍ വര്‍ക്ക് ചെയ്യുന്നയാളാണ് ടൊവിനോ. അത് എനിക്ക് വലിയ ആദരവ് തോന്നിയ കാര്യമാണ്. അജയന്റെ രണ്ടാം മോഷണം 125 ദിവസത്തോളമായിരുന്നു ഷൂട്ട്. അതിനൊക്കെ അവനിട്ട എഫേര്‍ട്ട് പറയാതെ വയ്യ. ഷൂട്ട് കഴിഞ്ഞ് പോയി വര്‍ക്കൗട്ട് ചെയ്യും.

കുതിരയോട്ടം, കളരി എന്നിവയൊക്കെ പ്രാക്റ്റീസ് ചെയ്യും, ഡയറ്റ് നോക്കും. ഇങ്ങനെ 120 ദിവസമൊക്കെ ജോലി ചെയ്തിട്ട് ഒരു റസ്റ്റ് പോലും എടുക്കാതെ അടുത്ത ദിവസം പുതിയ പടത്തില്‍ ജോയിന്‍ ചെയ്യുകയും ചെയ്തു. എക്‌സ്ട്രീമില്‍ വര്‍ക്ക് ചെയ്യുന്നയാളാണ്.

അങ്ങനെ ചെയ്യുന്ന ഒരു നടന്‍ ഏത് ഡയറക്ടറിന്റെയും ഭാഗ്യമാണ്. സിനിമയ്ക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ആക്ഷന്‍ ചെയ്യുന്ന മറ്റൊരാളില്ല എന്ന് തോന്നുന്നു. എന്തും ചെയ്യും. ടോം ക്രൂസ് ഒക്കെ എടുത്തു ചാടുന്ന പോലെ, കഷ്ടപ്പെട്ട് വര്‍ക്ക് ചെയ്യും എന്നാണ് ബേസില്‍ പറയുന്നത്.

Read more