മലയാള സിനിമയിൽ വീണ്ടും സജീവമായികൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക ഭാവന. 2023-ൽ പുറത്തിറങ്ങിയ ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു വലിയ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരച്ചെത്തിയത്. അതേവർഷം തന്നെ ‘റാണി ദി റിയൽ സ്റ്റോറി’ എന്ന സിനിമയിലും ഭാവന വേഷമിട്ടിരുന്നു. ഇപ്പോഴിതാ ലാൽ ജൂനിയർ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം ‘നടികർ’ എന്ന ചിത്രത്തിലും ഭാവന പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 3 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ സിനിമയിലെ സ്റ്റാർഡത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. പത്ത് സിനിമകൾ ഫ്‌ളോപ്പ് കൊടുത്താലും പതിനൊന്നാമത്തെ സിനിമ റിലീസാകുമ്പോഴും ആള്‍ക്കാര്‍ പോകുന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ് എന്നാണ് ഭാവന പറയുന്നത്.
“സിനിമയ്ക്ക് വേണ്ടി ഇടുന്ന പൈസ അതിനോ അതിന് മുകളിലോ തിരിച്ചു കിട്ടുന്ന ആക്ടറിനെയാണ് സ്റ്റാര്‍ എന്ന് പറയുന്നത്. കൂടുതലും സംഭവിക്കുന്നത് മെയില്‍ ആക്ടേഴ്‌സിനാണ്. ഒരു പ്രൊഡ്യൂസര്‍ക്കോ അല്ലെങ്കില്‍ ഓഡിയന്‍സിനോ അവരുടെ മേലുള്ള വിശ്വാസമാണ്. നമ്മള്‍ ഇവിടെ ഒരു മമ്മൂക്ക, ഒരു ലാലേട്ടന്‍ എന്നൊക്കെ സ്റ്റാര്‍ എന്ന് പറയാറുണ്ടല്ലോ.
ഇത്രയും വര്‍ഷമായി അവര്‍ സിനിമകള്‍ ചെയ്ത് ചെയ്ത് വരുമ്പോള്‍, ഇപ്പോഴും അഞ്ചോ ആറോ സിനിമ വരെ ഫ്‌ളോപ്പ് കൊടുത്താലും ഇല്ലെങ്കില്‍ പത്ത് സിനിമ ഫ്‌ളോപ്പ് കൊടുത്താലും പതിനൊന്നാമത്തെ സിനിമ റിലീസാകുമ്പോഴും ആള്‍ക്കാര്‍ പോകുന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ്.
ഇപ്പോള്‍ ഹോളിവുഡിലൊക്കെ ആണെങ്കിലും ഒരു ആക്ടറിന്റെ ലാസ്റ്റ് സിനിമയ്ക്ക് 1000 കോടി കിട്ടിയാലും അടുത്ത പടത്തില്‍ അയാളെ ആയിരിക്കില്ല വിളിക്കുക. ആ കാരക്ടറിന് ചേരുന്ന ഒരാളെയായിരിക്കും വിളിക്കുക. മറ്റേ ആളുടെ ആ പടം നല്ല ഹിറ്റായതുകൊണ്ട് അടുത്ത പടത്തില്‍ അയാളെ തന്നെ വിളിക്കാം എന്ന കോണ്‍സപ്റ്റ് ഹോളിവുഡില്‍ ഇല്ല.
പക്ഷെ ഇവിടെ അങ്ങനെയാണ്. മൂന്നോ നാലോ, അല്ലെങ്കില്‍ ഒരു സിനിമ ആയാലും മതി, വെച്ച പൈസ അയാള്‍ക്ക് തിരിച്ച് കിട്ടും എന്നുണ്ടെങ്കില്‍ അയാള്‍ സ്റ്റാര്‍ ആണ്. ബോളിവുഡില്‍ ഇപ്പോള്‍ ഒരു സിനിമ വന്നിരുന്നു. തബു, കരീന കപൂര്‍, കൃതി സാനന്‍ എന്നിവര്‍ അഭിനയിച്ച ചിത്രം. മൂന്ന് പേരും നല്ല നടിമാരാണ്. പക്ഷെ വിചാരിക്കുന്ന പോലെ ഒരു ഓപ്പണിംഗ് കിട്ടുന്നില്ല.
ഇത്രയും പേരുള്ള നടിമാര്‍ വരുമ്പോള്‍ പോലും ഒരു ഹീറോ വരുമ്പോള്‍ മാറുന്നു. പക്ഷെ അത് ഇപ്പോള്‍ തന്നെ ഒത്തിരി മാറിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകൂടി കാലം കഴിയുമ്പോഴേക്കും കുറച്ചുകൂടി നല്ല ഒരു ഇതിലെത്തും എന്നാണ് ഞാന്‍ വിശ്വസിക്കുന്നു.” എന്നാണ് നടികർ പ്രൊമോഷനിടെ ഭാവന പറഞ്ഞത്.
ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കൽ എന്ന സൂപ്പർ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്ലറിലൂടെ ലഭിക്കുന്ന സൂചന.
‘പുഷ്പ– ദ റൈസ്’ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് നടികരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.
ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.