'അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ..'; കാന്താര പാട്ട് വിവാദത്തില്‍ ബിജിബാല്‍

‘കാന്താര’ സിനിമയിലെ പാട്ട് വിവാദത്തില്‍ പ്രതികരിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനമാണ് കാന്താരയിലെ ‘വരാഹ രൂപം’ എന്ന ഗാനമായി എത്തിയിരിക്കുന്നത്. ഇതിനെതിരെ തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തിയിരുന്നു.

പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബിജിബാല്‍ അടക്കം സംഗീത ലോകത്തുള്ളവര്‍ തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

”സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ” എന്നാണ് ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അതേസമയം, പാട്ട് കോപ്പിയടിച്ചിട്ടില്ല എന്ന വാദവുമായി ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ബി. അജനീഷ് ലോക്നാഥ് രംഗത്തെത്തിയിട്ടുണ്ട്. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ പാട്ടില്‍ സമാനതകള്‍ തോന്നുന്നതാണെന്നും അജനീഷ് പറഞ്ഞു. സായ് വിഘ്നേഷ് ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.