കവർ സോങ്സിനെ പറ്റിയുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് സംഗീത സംവിധായകൻ ബിജിബാൽ. പുതിയ ഗായകരെ കിട്ടുമെന്ന ഗുണമുണ്ടെങ്കിലും പാട്ടിന്റെ ഒർജിനാലിറ്റിയെ കവർ സോങ്സ് വല്ലാതെ ബാധിക്കുന്ന കാര്യമാണെന്നും ബിജിബാൽ പറയുന്നു. മാത്രമല്ല, ദശരഥത്തിലെ മന്ദാരച്ചെപ്പുണ്ടോ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെയാണെന്ന് കരുതുന്ന ആളുകളുണ്ടെന്നും സംഗീത സംവിധായകരെ കുറിച്ച് അറിവില്ലാത്തതാണ് ഇതിനുള്ള കാരണമെന്നും ബിജിബാൽ കൂട്ടിചേർത്തു.
കവര്‍ സോങ്‌സ് എന്ന സംഗതി ഒരു തരത്തില്‍ നോക്കിയാൽ നല്ലതുമാണ് അതുപോലെ തന്നെ മോശവുമാണ്. പല പുതിയ ഗായകരെയും നമുക്ക് കവര്‍ സോങ്‌സ് കാരണം കിട്ടാറുണ്ട് എന്നത് ഇതിന്റെ ഒരു നല്ല വശമാണ്. ദോഷങ്ങള്‍ പറയാനാണെങ്കില്‍ അതായിരിക്കും കൂടുതൽ, അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ഒറിജിനല്‍ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതാണ്.
ഒരു വെറൈറ്റിക്ക് വേണ്ടി ഒന്നോ രണ്ടോ നോട്ടുകള്‍ കൂട്ടുന്നത് വലിയ സംഭവമാണെന്ന് പലരും കരുതുന്നുണ്ടാകാം. പക്ഷേ ആ പാട്ടിന്റെ ഒറിജിനാലിറ്റിയെ വല്ലാതെ ബാധിക്കുന്ന കാര്യമാണ് അത്. പിന്നെ ഇത്തരം കവര്‍ സോങ്ങുകളാണ് ഒറിജിനലെന്ന് ഇന്നത്തെ തലമുറയിലെ പലരും കരുതുന്നുമുണ്ട്.
ദശരഥത്തിലെ ‘മന്ദാരച്ചെപ്പുണ്ടോ’ എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെതാണെന്ന് കരുതുന്ന കുറേ ആളുകളുണ്ട്. സംഗീതസംവിധായകരെപ്പറ്റി അറിവില്ലാത്തതാണ് ഇതിനൊക്കെ കാരണം. എആര്‍ റഹ്മാന് മുമ്പുള്ള സംഗീത സംവിധായകരെപ്പറ്റി ഇവര്‍ക്കൊന്നും യാതൊരു ധാരണയുമില്ല.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബിജിബാൽ പറഞ്ഞത്.