മെലിഞ്ഞ് കറുത്ത് കഴിവില്ലാത്തവന്‍, പരിഹാസങ്ങളും അപമാനങ്ങളും.. എങ്ങോട്ടെങ്കിലും ഓടി പോകാമെന്ന് കരുതി; വൈകാരികമായി ധനുഷിന്റെ വാക്കുകള്‍

സിനിമയിലെ 24-ാമത്തെ വര്‍ഷത്തില്‍ തന്റെ അമ്പതാം ചിത്രവുമായി എത്തുകയാണ് ധനുഷ്. ‘രായന്‍’ എന്ന ചിത്രമാണ് ധനുഷിന്റെതായി റിലീസിനൊരുങ്ങുന്നത്. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ താരം തന്നെയാണ് നായകനാകുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ താന്‍ നേരിടുന്ന കളിയാക്കലുകളോടും കുറിച്ചും വിമര്‍ശനങ്ങളോടും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധനുഷ്.

”മെലിഞ്ഞ് കാണാന്‍ ഒരു ഭംഗിയും കഴിവും ഇല്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പ്രേക്ഷകര്‍ക്ക് വേണ്ടി എന്തെങ്കിലും നല്‍കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ രായന്‍ സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല.”

”ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടി പോകാമെന്ന് കരുതിയാണ് വന്നത്. 2000ല്‍ ആണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002ല്‍ റിലീസ് ആയി. 24 വര്‍ഷങ്ങള്‍, എത്രയോ കളിയാക്കലുകള്‍ അപമാന വാക്കുകള്‍, ദ്രോഹങ്ങള്‍, തെറ്റായ അഭ്യൂഹങ്ങള്‍.”

”ഇത് എല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം നിങ്ങളില്‍ നിന്നുയരുന്ന ശബ്ദമാണ്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്നാല്‍ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാണുന്നു.”

”ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയില്‍ അഭിനയിപ്പിച്ച് അതില്‍ അഴക് കാണുന്നു. രായന്‍ എന്റെ 50-ാമത് സിനിമയാണ് എന്ന് മനസിലായപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു.”

”അതുകൊണ്ട് എന്റെ അമ്പതാം സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി. രായന്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണമാണ്” എന്നാണ് ധനുഷ് പറയുന്നത്. അതേസമയം, ജൂലൈ 26ന് ആണ് രായന്‍ റിലീസ് ചെയ്യുന്നത്. 100 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദുഷാര വിജയന്‍, സുന്ദീപ് കിഷന്‍, എസ്.ജെ സൂര്യ, കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.