അതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കാത്ത തെറിയില്ല, സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ഞാന്‍ ചുമ്മാ തട്ടിവിട്ടതാണ്: ധ്യാന്‍ ശ്രീനിവാസന്‍

ഈ വര്‍ഷം വിഷു റിലീസ് ആയി എത്തിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ഈ സിനിമ ഉണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ പ്രകടമാണ്. രംഗണ്ണനും ഇല്ലുമിനാറ്റിയും ഇന്നും റീല്‍സുകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിനൊപ്പമായിരുന്നു ആവേശം എത്തിയത്.

വര്‍ഷങ്ങള്‍ ശേഷത്തിന്റെ തിയേറ്റര്‍ വിസിറ്റിനിടെ ആവേശത്തിന്റെ റിവ്യൂ ചോദിച്ചപ്പോള്‍ സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. അന്ന് അങ്ങനെ പറഞ്ഞതിന്റെ പേരില്‍ താന്‍ കേള്‍ക്കാത്ത തെറികള്‍ ഇല്ല എന്നാണ് ധ്യാന്‍ ഇപ്പോള്‍ പറയുന്നത്.

ആവേശം തിയേറ്ററില്‍ വലിയ വിജയം നേടുന്നതിനുള്ള എല്ലാ ചേരുവകളുമുള്ള സിനിമയാണ് എന്ന് ആദ്യമേ മനസിലായിരുന്നു. എന്നാല്‍ ഇപ്പുറത്ത് തങ്ങളുടേത് പതിഞ്ഞ താളത്തില്‍ കഥ പറയുന്ന സിനിമയുമാണ്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ പ്രമോഷന്റെ ഭാഗമായില്ല.

അതുകൊണ്ടാണ് ബേസില്‍ ജോസഫിനൊപ്പം അഭിമുഖങ്ങളില്‍ തമാശകള്‍ പറഞ്ഞ് സിനിമയുടെ ഹൈപ്പ് കൂട്ടിയത്. പടം റിലീസായി കഴിഞ്ഞിട്ട് എന്തെങ്കിലുമൊക്കെ പറയണമെന്ന് വിചാരിച്ചപ്പോഴാണ് ഒരുത്തന്‍ ആവേശം എങ്ങനെയുണ്ടെന്ന് ചോദിച്ചത്. അത് പക്കാ കൊമേഴ്സ്യല്‍ പടമാണെന്ന് അറിയാമായിരുന്നു.

എന്നാലും സെക്കന്‍ഡ് ഹാഫ് ലാഗാണെന്ന് ഞാന്‍ ചുമ്മാ തട്ടിവിട്ടു. എന്തിനാണ് അങ്ങനെ പറയാന്‍ പോയത് എന്ന് ഏട്ടന്‍ ചോദിച്ചു. എന്റെ റിവ്യൂ ഇവിടെ ആരും സീരിയസായി എടുക്കില്ലെന്ന് നല്ലോണം അറിയാം. എന്നാലും അതിന്റെ പേരില്‍ ഞാന്‍ കേള്‍ക്കാത്ത തെറിയില്ല എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.