സിനിമയെ കുറിച്ച് ലഭിക്കുന്നത് മികച്ച പ്രതികരണം, അറിയാതെ കണ്ണു നിറഞ്ഞു പോകുന്നതായി പലരും പറഞ്ഞു; ശുഭരാത്രിയെ കുറിച്ച് ദിലീപ്

വ്യാസന്‍ കെ.പിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തിയ ശുഭരാത്രിക്ക് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടിട്ട് അറിയാതെ കണ്ണുനിറഞ്ഞ് പോകുന്നതായി പലരും അഭിപ്രായപ്പെട്ടെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.

സിനിമയെ കുറിച്ച് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അറിയാതെ കണ്ണു നിറഞ്ഞു പോകുന്നതായി പലരും പറഞ്ഞു. സ്‌നേഹബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായതു കൊണ്ടാകണം കഥാപാത്രങ്ങള്‍ എളുപ്പത്തില്‍ പ്രേക്ഷകരുമായി ചേര്‍ന്നു നില്‍ക്കുന്നത്. ഈ കഥയില്‍ ഞാനുമുണ്ട് എന്നൊരു ചിന്തയാണ് പലര്‍ക്കും സിനിമ ഇഷ്ടപ്പെടാന്‍ കാരണമായതെന്ന് അറിയുന്നു. ശരിയായ മനുഷ്യരെ ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് ശുഭരാത്രി. സത്യം, നീതി ഇവയെല്ലാം കുറച്ച് വൈകിയാലും ജയിക്കുമെന്ന സന്ദേശം. ജീവിതത്തില്‍ നാം ചെയ്യുന്ന നല്ലതും ചീത്തയുമെല്ലാം കറങ്ങിത്തിരിഞ്ഞ് നമ്മളിലേക്കു തന്നെ തിരിച്ചുവരുമെന്ന പാഠമാണ് ചിത്രം നല്‍കുന്നത്.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Read more

ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ശുഭരാത്രിയ്ക്കുണ്ട്.