'ഹിഗ്വിറ്റ' എന്ന പേര് മാറ്റില്ല, ഇത് പ്രതീക്ഷിക്കാതെ വന്ന വിവാദമാണ്: സംവിധായകന്‍ ഹേമന്ത് ജി. നായര്‍

‘ഹിഗ്വിറ്റ’ എന്ന തന്റെ സിനിമയുടെ പേര് മാറ്റില്ലെന്ന് സംവിധായകന്‍ ഹേമന്ത് ജി നായര്‍. പ്രതീക്ഷിക്കാതെ വന്ന ഒരു വിവാദമാണിത്. ആകെ പകച്ചു നില്‍ക്കുകയാണ്. എന്‍.എസ്. മാധവനെ മനപ്പൂര്‍വം വേദനിപ്പിച്ചിട്ടില്ല. ഇതൊരു രാഷ്ട്രീയ നേതാവിന്റെ കഥയാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

പ്രതീക്ഷിക്കാതെ വന്ന ഒരു വിവാദമാണിത്. ആകെ പകച്ചു നില്‍ക്കുകയാണ്. തന്റെ ആദ്യ സിനിമയാണ് ഹിഗ്വിറ്റ. കഴിഞ്ഞ കുറേയധികം വര്‍ഷങ്ങളായി ഈ ചിത്രത്തിന് പിന്നാലെയായിരുന്നു യാത്ര. 2019 നവംബര്‍ 8ന് ആണ് മലയാളത്തിലെ പ്രമുഖരായ എട്ടു താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

കോവിഡും മറ്റു പല പ്രതിസന്ധികളിലൂടെയുമൊക്കെ കടന്നു പോയി ഇപ്പോഴാണ് ഹിഗ്വിറ്റ റിലീസിന് ഒരുങ്ങുന്നത്. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് അറിയില്ല. ഒരുപാട് ബഹുമാനിക്കുന്ന എഴുത്തുകാരനാണ് എന്‍.എസ് മാധവന്‍.

അദ്ദേഹത്തിന് ഇത്തരത്തില്‍ വിഷമമുണ്ടായി എന്നതില്‍ വളരെയധികം ഖേദമുണ്ട്. ഹിഗ്വിറ്റ എന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ കഥയാണിത്. ചിത്രം ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൂടിയേ ബാക്കിയുള്ളൂ.

Read more

അതുകൊണ്ട് അവസാന നിമിഷം പേരു മാറ്റാന്‍ സാധിക്കില്ല എന്നാണ് ഹേമന്ത് പറയുന്നത്. തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദുഖകരമാണെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, സിനിമയുടെ പേര് ഫിലിം ചേംബര്‍ വിലക്കിയിട്ടുണ്ട്.