ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ പോയില്ല; മനുഷ്യനല്ലേ സൗന്ദര്യ പിണക്കമൊക്കെ വരും..; തുറന്നുപറഞ്ഞ് രാജസേനൻ

മലയാളത്തിൽ ഒരു കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടാണ് ജയറാം- രാജസേനൻ കോമ്പോ. കടിഞ്ഞൂൽ കല്ല്യാണം, അയലത്തെ അദ്ദേഹം, മേലെപറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, ഞങ്ങൾ സന്തുഷ്ടരാണ്, മധുചന്ദ്ര ലേഖ തുടങ്ങീ പതിനാറ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്.

ഇപ്പോഴിതാ ജയറാമിനെ കുറിച്ചും, തങ്ങളുടെ ബന്ധത്തിലുണ്ടായ മാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് രാജസേനൻ. ജയറാമിന്റെ മക്കൾ ജനിച്ച സമയം തൊട്ട് താൻ എടുത്ത് താലോലിച്ചിട്ടുണ്ടെന്നും, എന്നാൽ ജയറാമിന്റെ മകളുടെ കല്ല്യാണത്തിന് താൻ വന്നില്ലെന്നും രാജസേനൻ പറയുന്നു.

“ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്.

അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി. നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ. പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്.” എന്നാണ് അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിൽ രാജസേനൻ പറഞ്ഞത്.

Read more